അബൂദബി: സൈബര്‍ സുരക്ഷാ ഭീഷണികള്‍ നേരിടുന്നതിന് നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നത് അനിവാര്യമാണെന്ന് അബൂദബി പൊലീസ്. നിര്‍മിതബുദ്ധി, സൈബര്‍ സുരക്ഷാ, ആഗോള സുസ്ഥിരതാ തന്ത്രം എന്നിവയുടെ വിപ്ലവത്തിന് സര്‍ക്കാര്‍ സുരക്ഷാ സ്ഥാപനങ്ങള്‍ ഒരുങ്ങിയിട്ടുണ്ടോ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് അബൂദബി പൊലീസിലെ വിദഗ്ധര്‍ ഇക്കാര്യം അറിയിച്ചത്. സെയ്ഫ് ബിന്‍ സായിദ് അക്കാദമി ഫോര്‍ പൊലീസ് ആന്‍ഡ് സെക്യൂരിറ്റി സയന്‍സസിലായിരുന്നു സെമിനാര്‍.
സെമിനാറില്‍ പങ്കെടുത്തവരെ അക്കാദമി ഡയറക്ടര്‍ മേജര്‍ ജനറല്‍ താനി ബട്ടി അല്‍ ഷംസി ആദരിച്ചു. പൊലീസിലും സുരക്ഷാ സ്ഥാപനങ്ങളിലും നൂതന നിര്‍മിത ബുദ്ധി സാങ്കേതികവിദ്യകള്‍ സമന്വയിപ്പിക്കുന്നതിന്റെ തന്ത്രങ്ങളെക്കുറിച്ചും മറ്റും സെമിനാറില്‍ ചര്‍ച്ചകള്‍ നടന്നു. വെല്ലുവിളികള്‍ നേരിടുന്നതിന് നിര്‍മിതബുദ്ധി സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകത കേണല്‍ ഡോ. എന്‍ജിനീയര്‍ അലി ഘാനിം അല്‍ തുവൈല്‍ ഉയര്‍ത്തിക്കാട്ടി.
യുകെയിലെ ലൂഫ്ബറോ യൂനിവേഴ്സിറ്റിയിലെ അക്കാദമി ഗ്രൂപ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേധാവി പ്രഫസര്‍ പീറ്റര്‍ കവലിക്, യുകെ സാന്‍ഫഡ് യൂനിവേഴ്സിറ്റിയിലെ സൈബര്‍ സുരക്ഷാ, ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. മുഹമ്മദ് അലി അല്‍ ബക്രി തുടങ്ങിയവര്‍ സെമിനാറില്‍ സംസാരിച്ചു.
