ദുബായ് : പുതിയ കമ്പനികൾ, നിക്ഷേപം എന്നിവയിൽ ദുബായിൽ ഇന്ത്യൻ വ്യവസായികൾ വീണ്ടും മുന്നിലെത്തി. ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത വിദേശ കമ്പനികളിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. 12,142 ഇന്ത്യൻ കമ്പനികളാണു പുതിയതായി റജിസ്റ്റർ ചെയ്തത്– മുൻ വർഷത്തേക്കാൾ 52.8% വളർച്ചയാണ് രേഖപ്പെടുത്തിയത്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപ സൗഹൃദ അന്തരീക്ഷം എന്നിവയാണ് ഇന്ത്യൻ നിക്ഷേപകരെ ആകർഷിച്ചതെന്ന് ദുബായ് ചേംബറുകളുടെ പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത പറഞ്ഞു.
ഇന്ത്യൻ വ്യവസായികൾക്കും നിക്ഷേപകർക്കും രാജ്യാന്തര വിപണിയിലേക്കു പ്രവേശിക്കാനുള്ള വാതിലായി ചേംബർ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് ഇന്റർ നാഷനൽ ചേംബർ 2018 മുതൽ മുംബൈയിൽ ഓഫിസ് തുറന്ന് ഇന്ത്യ – ദുബായ് വ്യാപാര ബന്ധത്തിൽ നിർണായക ഇടപെടലുകൾ നടത്തുന്നുണ്ട്. ദുബായിൽ ബിസിനസ് ആഗ്രഹിക്കുന്ന സംരംഭകർക്ക് എല്ലാ സഹായവും ചെയ്യുന്നതിനൊപ്പം വിശ്വസ്ത പങ്കാളികളെയും ബിസിനസ് നടത്തി പരിചയമുള്ള വിദഗ്ധരെയും പരിചയപ്പെടുത്തുന്നുണ്ട്.
ദുബായിൽ സംരംഭം തുടങ്ങുന്ന ഇന്ത്യക്കാർക്ക് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു ബിസിനസ് വളർത്താനുള്ള സൗകര്യവും നൽകുന്നു. ഇന്ത്യ–യുഎഇ എണ്ണ ഇതര വ്യാപാരം 2023 ൽ 4540 കോടി ഡോളറായി വളർന്നു കഴിഞ്ഞു. 2030ൽ ഇത് 10000 കോടി ഡോളറിൽ എത്തും. നിർമിത ബുദ്ധി, ലോജിസ്റ്റിക്സ്, ഫിൻ ടെക്, ഹരിത ഊർജം എന്നീ മേഖലകളിലാണ് ദുബായ് കമ്പനികൾ ഇപ്പോൾ ശ്രദ്ധിക്കുന്നത്. മികച്ച തൊഴിലാളികളെയും വിദഗ്ധരായ പ്രഫഷനലുകളെയും ദുബായിൽ ലഭിക്കുമെന്നതാണ് മറ്റൊരു നേട്ടം. നികുതിയും നിയന്ത്രണങ്ങളും കുറവാണെന്നുള്ളതാണ് മറ്റു പ്രധാന ആകർഷണങ്ങൾ.
