ലക്നൗ: ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തി രക്ഷപ്പെട്ട മാഫിയാ തലവന്‍ വികാസ് ദുബെ മധ്യപ്രദേശില്‍ പിടിയിലായി. മധ്യപ്രദേശിലെ ഉജ്ജയ്ന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ഇയാളെ പിടികൂടി എന്നാണ് വിവരം. അറസ്റ്റ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടില്ല.
അതേസമയം വികാസ് ദുബെയുടെ രണ്ട് അനുയായികള്‍ യുപി പോലീസുമായി പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അനുയായികളില്‍ ഒരാള്‍ പോലീസിന്‍റെ തോക്ക് കൈക്കലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെടുകയായിരുന്നു എന്നാണ് യുപി പോലീസിന്‍റെ വിശദീകരണം.
കഴിഞ്ഞയാഴ്ച്ച കാണ്‍പൂരില്‍ വച്ചാണ് തന്നെ പിടികൂടാനെത്തിയ ഡിവൈഎസ്പി അടക്കമുള്ള എട്ട് പോലീസുകാരെ വികാസ് ദുബെയും സംഘവും കൊലപ്പെടുത്തി കടന്നുകളഞ്ഞത്. കാണ്‍പൂര്‍ ആക്രമണത്തിന് പിന്നാലെ യുപി പോലീസ് തയ്യാറാക്കിയ കൊടും കുറ്റവാളികളുടെ പട്ടികയില്‍ ഒന്നാമതാണ് വികാസ് ദുബെ.