കുവൈത്ത് സിറ്റി: നീണ്ട ഇടവേളക്കുശേഷം കുവൈത്തിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ ആവേശപൂര്‍വം സ്വീകരിച്ച് ഇന്ത്യന്‍ പ്രവാസി സമൂഹം. കുവൈത്ത് സിറ്റിയിലെ സെന്റ് റെജിസ് ഹോട്ടലില്‍ നടന്ന പ്രവാസി വ്യാപാര-സംഘടന യോഗത്തിലും ശൈഖ് സാദ് അൽ അബ്ദുല്ല ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ നടന്ന കമ്യൂനിറ്റി ഇവന്റിലും നിരവധി പേരാണ് പങ്കെടുത്തത്.
കുവൈത്ത് സിറ്റിയിലെ സെന്റ് റെജിസ് ഹോട്ടലില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ഇന്ത്യൻ വ്യവസായ പ്രമുഖർ, അസോസിയേഷൻ പ്രതിനിധികൾ, വിദ്യാർഥികൾ എന്നിവര്‍ പങ്കെടുത്തു. ചെണ്ടമേളത്തിന്റെയും വിവിധ കലാപ്രകടനങ്ങളുടെയും അകമ്പടിയോടെയാണ് മോദിയെ ഇവിടെ സ്വീകരിച്ചത്. കലാ പ്രകടനങ്ങള്‍ പ്രധാനമന്ത്രി വീക്ഷിച്ചു.
സബാഹ് അൽ സാലിം ഏരിയയിലെ ഷെയ്ഖ് സാദ് അൽ അബ്ദുല്ല സ്പോർട്സ് കോംപ്ലക്സിൽ പ്രധാനമന്ത്രിയെ വരവേൽക്കാൻ ആയിരങ്ങൾ എത്തിയിരുന്നു. ഇന്ത്യൻ പതാകകളുമായി നേരത്തെ പ്രവാസിസമൂഹം ഇവിടെ എത്തിയിരുന്നു. മോദിയെ വരവേറ്റ് വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാര് അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ ശ്രദ്ധേയമായി.
12.30 മുതല്‍ പ്രവേശനം അനുവദിച്ച സ്റ്റേഡിയത്തില്‍ പരിപാടിക്ക് ഒരു മണിക്കൂര്‍ മുമ്പേ ഗേറ്റുകള്‍ അടച്ചിരുന്നു. മുന്‍കൂട്ടി രജിസ്റ്റർ ചെയ്തവര്‍ക്കും പ്രത്യേകം ക്ഷണിച്ചവര്ക്കുമായിരുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം.
