കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി ജോർഡൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനും പ്രതിനിധി സംഘവും ഞായറാഴ്ച കുവൈത്തിലെത്തി. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, കുവൈത്ത് നാഷനൽ ഗാർഡ് (കെ.എൻ.ജി) മേധാവി ശൈഖ് മുബാറക് ഹുമൂദ് അൽ ജാബിർ അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് എന്നിവർ വിമാനത്താവളത്തിലെത്തി ജോർഡൻ കിരീടാവകാശിയെ സ്വീകരിച്ചു.
ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും സന്നിഹിതരായിരുന്നു. ജോർഡൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനൊപ്പമുള്ള പ്രതിനിധി സംഘത്തിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മാൻ അൽ സഫാദിയും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബയാൻ പാലസിൽ ജോർഡൻ കിരീടാവകാശിയെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമന്റെ ആശംസകൾ കിരീടാവകാശി അമീറിനെ അറിയിച്ചു. അബ്ദുല്ല രണ്ടാമൻ രാജാവിന് അമീർ ആശംസകളും ആരോഗ്യവും ക്ഷേമവും നേർന്നു. ജോർഡനും ജനങ്ങൾക്കും കൂടുതൽ അഭിവൃദ്ധി ഉണ്ടാകട്ടെയെന്നും ആശംസിച്ചു. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. പൊതു താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ച ചെയ്തു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും ജോർഡൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനും പ്രതിനിധി സംഘവുമായും ചർച്ച നടത്തി.കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും ജോർഡൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനും പ്രതിനിധി സംഘവുമായും ചർച്ച നടത്തി.
