കേരളത്തിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ നാട്ടികയിലെ എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള എമ്മെയ് പ്രൊജക്റ്റ് സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിനു കൈമാറും മന്ത്രി എ സി മൊയ്തീന്‍ കേന്ദ്രം സന്ദര്‍ശിച്ചു
തൃശൂര്‍/നാട്ടിക-ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ തൊഴില്‍ റിക്രൂട്ട്‌മെന്റ് കേന്ദ്രമായ എമ്മെയ് പ്രൊജക്റ്റ് (നാട്ടികയിലെ പഴയ കോട്ടണ്‍ മില്‍ കെട്ടിടം) കോവിഡ് കെയര്‍ സെന്ററാക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിടം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അറിയിച്ചതിനെ തുടര്‍ന്ന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രി എ സി മൊയ്തീനും ജില്ലാ കളക്ടറും സംഘവും സ്ഥലം സന്ദര്‍ശിച്ചു.
യൂസഫലിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടം സംസ്ഥാനത്തെ തന്നെ കോവിഡ് പ്രതിരോധത്തിനും ചികിത്സക്കുമുള്ള ഏറ്റവും വലുതും മികച്ചതുമായ കേന്ദ്രമാക്കി മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. അതിനുള്ള തയ്യാറെടുപ്പുകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇവിടെ ടോയ്‌ലറ്റ് സംവിധാനങ്ങളുള്‍പ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ സജ്ജമാക്കും.
യുദ്ധകാലാടിസ്ഥാനത്തില്‍ കോട്ടണ്‍ മില്‍ കെട്ടിടത്തെ കോവിഡ് കെയര്‍ സെന്ററാക്കി മാറ്റുമെന്ന് മന്ത്രിക്കൊപ്പമുണ്ടായിരുന്ന ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. എഞ്ചിനീയറിംഗ്, മെഡിക്കല്‍ വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ ഇന്നു തന്നെ കെട്ടിടം ഏറ്റവും മികച്ച നിലയില്‍ എങ്ങനെ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നതിനുള്ള പ്ലാന്‍ തയ്യാറാക്കും. ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഏറ്റവും മികച്ച കോവിഡ് കെയര്‍ സെന്ററായി ഇതിനെ മാറ്റുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ചാവക്കാട് തഹസില്‍ദാര്‍ പി എസ് രാജേഷ്, ഡി പി എം. ഡോ. ടി വി സതീശന്‍, ആര്‍ദ്രം മിഷന്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. റാണ, ലുലു ഗ്രൂപ്പ് പ്രതിനിധികളായ ഇ.എ. ഹാരിസ് , ഇക്ബാൽ തുടങ്ങിയവവരും സംഘത്തിലുണ്ടായിരുന്നു.












