മനാമ : ഡിസംബർ മാസത്തിന് തുടക്കമായതോടെ, രാജ്യം ആഘോഷങ്ങൾക്ക് തയാറെടുക്കുന്നു. 1783-ൽ അഹ്മദ് അൽ ഫത്തേയുടെ നേതൃത്വത്തിൽ ആധുനിക ബഹ്റൈനെന്ന അറബ്, മുസ്‌ലിം രാജ്യം സ്ഥാപിച്ചതിന്റെ സ്മരണാർഥവും, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ചും ബഹ്റൈൻ ദേശീയദിന അവധികൾ ആഘോഷിക്കുന്നതിന്റെ ഭാഗമായും രാജ്യത്ത് ഡിസംബറിലുടനീളം വൈവിധ്യമാർന്ന ആഘോഷങ്ങളും പരിപാടികളുമാണ് അരങ്ങേറുക.
പ്രാദേശിക കർഷകർ, കരകൗശലത്തൊഴിലാളികൾ, ചെറുകിട സംരംഭങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ ഫാർമേഴ്സ് മാർക്കറ്റിന് ഡിസംബർ മാസത്തിൽ തുടക്കമാകും. ബുദയ്യയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ ഡിസംബർ 7 മുതൽ ഫെബ്രുവരി 22 വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ യാണ് ഫാർമേഴ്സ് മാർക്കറ്റ് പ്രവർത്തിക്കുക. രാജ്യത്തെ പ്രധാന ഷോപ്പിങ് സെന്ററുകളെല്ലാം പ്രത്യേക പ്രമോഷനുകൾ പ്രഖാപിച്ചു തുടങ്ങി. കൂടാതെ ആഡംബര ഹോട്ടലുകൾ ദേശീയദിന ആഘോഷ അവധി ദിനങ്ങളിൽ പ്രത്യേക പാക്കേജുകൾ അവതരിപ്പിക്കും.
ബഹ്റൈനിലെ മനോഹരമായ ബീച്ചുകളും സന്ദർശകരെ ആകർഷിക്കാനൊരുക്കങ്ങൾ തുടങ്ങി. പേൾ ഡൈവിങ് ട്രിപ്പുകൾ പോലുള്ള വാട്ടർ ആക്റ്റിവിറ്റികളും സന്ദർശകർക്ക് ആസ്വദിക്കാനാകും. ഡിസംബർ 16-ന് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങൾക്കായി പ്രധാന വിനോദകേന്ദ്രങ്ങളെല്ലാം തയാറെടുത്തിട്ടുണ്ട്.
ഡിസംബർ 5 മുതൽ 30 വരെ ബു മാഹെര് ഫോര്‍ട്ട് മുതല്‍ പേളിങ് പാത്ത് വിസിറ്റേഴ്സ് സെന്റർ വരെയുള്ള പേളിങ് പാതയിൽ നടക്കുന്ന മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലിനായി മുഹറഖ് ഒരുങ്ങിക്കഴിഞ്ഞു. ബഹ്റൈന്റെ പേൾ എക്കണോമി കാലഘട്ടത്തെ വിശദീകരിക്കുന്ന കരകൗശല വസ്തുക്കൾ അവിടെ പ്രദർശിപ്പിക്കപ്പെടും. ആദ്യമായി, കരകൗശല വസ്തുക്കളുടെ പ്രദർശനം നടക്കുന്ന എല്ലാ വീടുകളും പൊതുജനങ്ങൾക്കായി തുറന്നു നൽകും.
മറ്റൊരു പ്രധാനപ്പെട്ട പരിപാടി വേൾഡ് വെയിറ്റ് ലിഫ്റ്റിങ് ചാംപ്യൻഷിപ്പ് ആണ്. ലോകമെമ്പാടുമുള്ള മികച്ച അത്ലറ്റുകൾ പങ്കെടുക്കുന്ന വേൾഡ് വെയിറ്റ് ലിഫ്റ്റിങ് ചാംപ്യൻഷിപ്പിന് ഈ മാസമാണ് തുടക്കം. ഡിസംബർ 4 മുതൽ 15 വരെ ബഹ്റൈൻ നാഷനൽ തിയേറ്ററിന് സമീപം നടക്കുന്ന ചാംപ്യൻഷിപ്പിൽ 114 രാജ്യങ്ങളിൽ നിന്നുള്ള 1000 ത്തോളം കായികതാരങ്ങളാണ് പങ്കെടുക്കുക. കൂടാതെ,ഡിസംബർ 13 ന് റാഷിദ് ഇക്വസ്ട്രിയൻ ഹോഴ്സ് റേസിങ് ക്ലബിലും മത്സരങ്ങൾ നടക്കും.
റാപ്പർ എമിനെം, അറബ് ആർട്ടിസ്റ്റ് മാജിദ് അൽ മൊഹന്ദെസ് എന്നിവരുൾപ്പെടെ രാജ്യാന്തര, പ്രാദേശിക കലാകാരന്മാർ ബിയോൺ അൽ ദാന ആംഫിതിയറ്ററിൽ സംഗീത പരിപാടികൾ അവതരിപ്പിക്കും. പ്രാദേശിക കലാകാരന്മാരുടെ സംഗീത നിശ ഡിസംബർ15ന് അരങ്ങേറും.










