ദുബായ് : മെട്രോ റൂട്ട് 2020 പാത യാത്രക്കാര്‍ ക്കായി തുറന്നു കൊടുത്ത് ദുബായ്. ദുബായ് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം നിർവഹിച്ചു.
ദുബായ് മെട്രോ റെഡ് ലൈൻ പാതയിൽ നിന്ന് എക്സ്പോ 2020 വേദിയിലേക്കാണ് പാത.
മെട്രോ റൂട്ട് 2020 യുടെ ഭാഗമായി ഏഴ് പുതിയ സ്റ്റേഷനുകളാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഏഴ് സ്റ്റേഷനുകൾ ഉൾകൊള്ളുന്ന പുതിയ പാതയിൽ ദിവസേന 50 ട്രെയിനുകൾ സർവീസ് നടത്തും. സെപ്റ്റംബർ മുതൽ പൊതുജനങ്ങൾക്കായി സേവനം ആരംഭിക്കും.
11 ശതകോടി ദിർഹം ചിലവിട്ടാണ് പുതിയ പാതയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ദിനംപ്രതി 125000 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. പ്രഖ്യാപനം നടത്തി 47 മാസങ്ങൾ കൊണ്ടാണ് പദ്ധതി യാഥാർഥ്യമാക്കിയതെന്ന് ദുബായ് ഭരണാധികാരി ട്വിറ്ററിലൂടെ അറിയിച്ചു. റെഡ് ലൈനിലെ നഖീൽ ഹാർബർ സ്റ്റേഷനിൽ നിന്നാണ് റൂട്ട് 2020 ആരംഭിക്കുന്നത്.