തിരുവനന്തപുരം: സ്‌പേസ് പാര്‍ക്ക് പരിപാടിയുടെ മുഖ്യ സംഘാടക സ്വപ്ന സുരേഷ് ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു. കണ്ണടച്ച് പാലുകുടിക്കുകയായിരുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പല സര്‍ക്കാര്‍ പരിപാടികളുടെയും മുഖ്യ ആസൂത്രക സ്വപ്ന ആയിരുന്നു. സി.ബി.ഐ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്തണം. കള്ളക്കടത്ത് കേസില്‍ പൊലീസ് വീഴ്ച വരുത്തി. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. സ്വപ്നയെ നിയമിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം. ശിവശങ്കരനെ ന്യായീകരിക്കുകയാണ്. സ്വപ്ന സുരേഷ് ക്ഷണിച്ച സെമിനാറില്‍ റാവീസ് ഹോട്ടലില്‍ നാല് മണിക്കൂറാണ് മുഖ്യമന്ത്രി പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈച്ച പോലും കയറാത്ത ഇരുമ്ബ് മറയാണ്. അതിനകത്ത് കൊള്ളയും അഴിമതിയുമാണ് നടക്കുന്നത്.
രാജ്യാന്തര സ്വര്‍ണക്കടത്തിലെ ശൃംഖല മുഖ്യമന്ത്രിയുടെ ഓഫീസാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഈ സര്‍ക്കാര്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ചെയ്‌തിട്ടുള്ള കാര്യങ്ങള്‍ നാട്ടില്‍ പാട്ടാണ്. സ്വപ്നയേയും മുഖ്യമന്ത്രി രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സ്വപ്നയുടെ നിയമനം ഏജന്‍സിയുടെ തലയില്‍ വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ച് നാളെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് ധര്‍ണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കേസന്വേഷണം വൈകിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രൈസ് വാട്ടറാണ് സ്വപ്നയെ നിയമിച്ചതെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.