ജിദ്ദ: സൗദി അറേബ്യയില്‍ ഇതുവരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നതായി സൗദി ആരോഗ്യമന്ത്രാലയം. കോവിഡിനെതിരായുള്ള പരാട്ടത്തില്‍ സൗദിയില്‍ ഓരോ ദിവസവും 60,000 പിസിആര്‍ ടെസ്റ്റുകളാണ് നടത്തുന്നതെന്ന് സൗദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ മന്ത്രാലയത്തിന്‍റെ എമര്‍ജന്‍സി, ഡിസാസ്റ്റര്‍ ആന്‍റ് ആംബലേറ്ററി ട്രാന്‍പോര്‍ട്ടേഷന്‍ ജനറല്‍ ഡിപാര്‍ട്ട്മെന്‍റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ 30 ശതമാനം ആശുപത്രികിടക്കകള്‍ വര്‍ദ്ധിപ്പിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.
സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ സമയോജിതമായ ഇടപെടലുകള്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായകമാകുന്നുവെന്ന് എമര്‍ജന്‍സി, ഡിസാസ്റ്റര്‍ ആന്‍റ് ആംബലേറ്ററി ട്രാന്‍പോര്‍ട്ടേഷന്‍ ജനറല്‍ ഡിപാര്‍ട്ട്മെന്‍റ് സൂപ്രവൈസര്‍ ജനറല്‍ ജലാല്‍ അല്‍ ഒവൈസി വ്യക്തമാക്കി.
അതേസമയം സൗദിയില്‍ നെഗറ്റീവ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ ദിവസം 5205 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്.