അബൂദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയ്ഗും കൂടിക്കാഴ്ച നടത്തി. അബൂദബി ഖസർ അൽ ഷാതിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ധാരണയായി. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തുടരുന്ന സംഘർഷവും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ശൈഖ് മുഹമ്മദിന് സെർജി ഷോയ്ഗ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ആശംസകൾ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് പുടിനും ശൈഖ് മുഹമ്മദ് ആശംസകൾ അറിയിച്ചു. യു.എ.ഇ-റഷ്യ ബന്ധത്തിലെ പ്രതീക്ഷകൾ പ്രസിഡന്റുമായി സെക്രട്ടറി സെർജി ഷോയ്ഗ് പങ്കുവെച്ചു. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു.
വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും, പരസ്പര പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. പ്രസിഡൻഷ്യൽ കോടതി ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദേശീയ സുരക്ഷാ സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, റഷ്യയിലെ യു.എ.ഇ അംബാസഡർ ഡോ. മുഹമ്മദ് അഹമ്മദ് അൽ ജാബർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
