കൊച്ചി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം നേടിയ നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരത്താണ് സിദ്ദിഖ് ഇന്ന് ഹാജരാകുന്നത്. ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരം നാർക്കോട്ടിക് സെൽ എസിയാണ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകുന്നതിന് മുമ്പേ ഹാജരാകാൻ സിദ്ദീഖ് തീരുമാനിച്ചിരുന്നങ്കിലും പിന്നീട് വേണ്ടന്ന് വയ്ക്കുകയായിരുന്നു.
സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടി ദിവസങ്ങൾക്ക് ശേഷമാണ് സിദ്ദിഖിനെ ചോദ്യം ചെയ്യാനുളള നീക്കം അന്വേഷണ സംഘത്തിൽ നിന്നുണ്ടാകുന്നത്. മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയതോടെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. സിദ്ദിഖിനെ അന്വേഷണ സംഘത്തിന് പിടികൂടാനാകത്തത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. നിള തിയേറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.