റിയാദ്: അഭിമാനകരമായ ദേശീയദിനം നമ്മുടെ മാതൃരാജ്യത്തിന്റെ താളുകളിൽ പുതുക്കിയ പ്രിയപ്പെട്ട ഓർമയാണെന്ന് സൽമാൻ രാജാവ്. 94ാം ദേശീയ ദിനത്തോടനുബന്ധിച്ച് ‘എക്സി’ൽ രാജാവ് ഇക്കാര്യം കുറിച്ചത്. സൗദി ജനതയുടെ മനസാക്ഷിയിൽ വേരൂന്നിയ ഓർമയാണ്. ദൈവം രാജ്യത്തിന് സുരക്ഷിതത്വവും സമൃദ്ധിയും സ്ഥിരതയും നൽകുകയും എല്ലാ തിന്മകളിൽനിന്നും അതിനെ സംരക്ഷിക്കുകയും ചെയ്യട്ടെയെന്നും സൽമാൻ രാജാവ് ആശംസിച്ചു.
94ാമത് ദേശീയദിനത്തിൽ സൗദികളും സൗദിയിൽ താമസിക്കുന്നവരും രാജ്യത്തെ ഒന്നിപ്പിക്കുന്ന സന്തോഷത്തിന്റെ അർഥങ്ങളെ ഓർമിക്കുന്നു. രാജ്യത്തുടനീളമുള്ള വിവിധ പരിപാടികളിലൂടെ ദേശീയ മൂല്യങ്ങൾ പ്രകടിപ്പിക്കുന്നതിനും നേട്ടം ആഘോഷിക്കുന്നതിനുമുള്ള സമയമായി ഈ ദിനം അവർ കണക്കാക്കുന്നു. ദേശീയദിനം ആഘോഷിക്കുന്നത് സൗദി സംസ്കാരവും പൈതൃകവും ആഘോഷിക്കാനുള്ള അവസരം കൂടിയാണ്.
രാഷ്ട്ര സ്ഥാപകനായ അബ്ദുൽ അസീസ് രാജാവ് രാജ്യത്തിന്റെ ഭാഗങ്ങൾ ഏകീകരിക്കുന്നതിലും ഇസ്ലാമിക മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും വഹിച്ച മഹത്തായ പങ്ക് എടുത്തുകാണിക്കുക എന്നതാണ് രാജ്യത്തിന്റെ ഏകീകരണത്തിന്റെ വാർഷികാഘോഷം ലക്ഷ്യമിടുന്നത്.
