ദുബായ്: വിനോദ സഞ്ചാരികളെ വരവേൽക്കാൻ ദുബായ് നഗരം തയ്യാറായി. മൂന്ന് മാസങ്ങളുടെ നിയന്ത്രണങ്ങൾക്കൊടുവിലാണ് ദുബായ് ടൂറിസ്റ്റുകൾക്ക് പ്രവേശനം അനുവദിച്ചത്. കോവിഡ് -19 ന്‍റെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി മാർച്ച് 24 നായിരുന്നു ദുബായ് അധികൃതർ എയർ സ്പേസ് അടച്ചത്.
കോവിഡ് -19 പകരുന്നത് തടയാൻ നഗരത്തിലുടനീളം സമഗ്ര സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് ടൂറിസം സന്ദർശകർക്ക് ഉറപ്പ് നൽകി. അതേസമയം യാത്രാനുമതി ലഭിക്കാൻ കോവിഡ് നെഗറ്റീവ് ഫലം കയ്യിൽ കരുതണം. യാത്ര ചെയ്യുന്നതിന് പരമാവധി 96 മണിക്കൂർ മുൻപ് നടത്തിയ അംഗീകൃത പരിശോധനാ ഫലം വിമാനത്താവളത്തിൽ കാണിക്കണം. പരിശോധന നടത്തിയിട്ടില്ല എങ്കിൽ വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനയ്ക്ക് വിധേയരാവണം. ഫലം നെഗറ്റീവ് ആയ സഞ്ചാരികൾക്ക് ക്വാറന്‍റൈനിൽ കഴിയേണ്ടതില്ല.
എന്നാൽ നെഗറ്റീവ് പരിശോധന ഫലം കയ്യിൽ ഉള്ളവർ രോഗലക്ഷണങ്ങൾ കാണിച്ചാലും പരിശോധനയ്ക്ക് വിധേയരാവണം. ഇതിന്‍റെ ഫലം വരുന്നതുവരെ അവർ ക്വാറന്‍റൈനിൽ കഴിയേണ്ടി വരും. 2019 ൽ 12 ദശ ലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് ദുബായ് സന്ദർശിച്ചത്.












