കോഴിക്കോട് • മലയാള സിനിമയെ ബാധിച്ച കാർമേഘങ്ങളെല്ലാം ഒഴിയട്ടെയെന്ന് നടി മഞ്ജു വാരിയർ. എല്ലാം കലങ്ങി തെളിയട്ടെയെന്നും പ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം തനിക്കോ മലയാള സിനിമയ്ക്കോ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും മഞ്ജു പറഞ്ഞു. താമരശേരിയിൽ മൈജിയുടെ ഷോറൂം ഉദ്ഘാടനത്തിനിടെ ആയിരുന്നു താരത്തിന്റെ പരാമർശം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണു മഞ്ജുവിന്റെ പരസ്യ പ്രതികരണം.
“ഞാനും ടൊവിനോയുമൊക്കെ ഇന്നിവിടെ വന്നു നിൽക്കാൻ കാരണം മലയാള സിനിമയാണ്. വാർത്തകളിലൂടെ നിങ്ങൾ കാണുന്നുണ്ടാവും, ചെറിയൊരു സങ്കടമുള്ള ഘട്ടത്തിലൂടെയാണ് മലയാള സിനിമ കടന്നുപോകുന്നത്. അതെല്ലാം കലങ്ങി തെളിയട്ടെ. കാർമേഘങ്ങളെല്ലാം ഒഴിയട്ടെ, നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം എനിക്കോ മലയാള സിനിമയ്ക്കോ ഒന്നും സംഭവിക്കാൻ പോകുന്നില്ല” – മഞ്ജു പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വിവാദങ്ങൾക്കിടെ സിനിമയുടെ ലൊക്കേഷനിൽ സുരക്ഷയൊരുക്കിയില്ലെന്ന് ആരോപിച്ച് മഞ്ജുവിനും നിർമാണ കമ്പനി മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെ നടി ശീതൾ തമ്പി വക്കീൽ നോട്ടിസ് അയച്ചിരുന്നു. അഞ്ചേമുക്കാൽ കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചത്.
