അബുദബി: യുഎഇയിലെ പൊതുമാപ്പ് അപേക്ഷകർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ സൗകര്യമൊരുക്കുകയാണ് യുഎഇ. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ വിവിധ വിമാന കമ്പനികളുമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ചർച്ച നടത്തി. വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകണമെന്നാണ് ഐസിപി ആവശ്യപ്പെട്ടത്.
ഇത്തിഹാദ്, എമിറേറ്റ്സ്, എയർ അറേബ്യ, ഫ്ളൈ ദുബായ്, വിസ് എയർ അബുദബി എന്നിങ്ങനെയുള്ള യുഎഇ എയർലൈനുകളോട് ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ,
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ എന്നിവർക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിയമലംഘന താമസ കാലയളവിൽ ജോലിയില്ലാതെ അലഞ്ഞു തിരിഞ്ഞവരുടെ പക്കൽ വിമാനക്കൂലിക്കുള്ള പണമുണ്ടാകാറില്ല. അതിനാണ് ഇപ്പോൾ ആശ്വാസമാകുന്നത്.
സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ 30വരെ രണ്ട് മാസമാണ് പൊതുമാപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ടൂറിസ്റ്റ് വിസകളും കാലഹരണപ്പെട്ട റെസിഡൻസി വിസകളും ഉൾപ്പെടെ എല്ലാത്തരം വിസകളും പൊതുമാപ്പ് പദ്ധതിയിൽ ഉൾപ്പെടുന്നു. രേഖകൾ ഇല്ലാതെ ജനിച്ചവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകും.
സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർക്കും പൊതുമാപ്പിന് അപേക്ഷിക്കാം. അതേസമയം അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്ക് പൊതുമാപ്പിന് അപേക്ഷിക്കാൻ അർഹതയില്ല. അധിക സ്റ്റേ, പിഴയോ എക്സിറ്റ് ഫീയോ ഈടാക്കില്ലെന്ന് ഐസിപി ഉറപ്പുനൽകിയിട്ടുണ്ട്. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് പ്രവേശന വിലക്ക് ലഭിക്കില്ല. അവർക്ക് ഉചിതമായ വിസയുമായി എപ്പോൾ വേണമെങ്കിലും യുഎഇയിലേക്ക് തിരിച്ചു വരാനാകും.