എന്താണ് സിനിമയുടെ യഥാർത്ഥ പ്രശ്നം

Modern Breaking News Instagram Post (18)

ജോർജ് ജോസഫ്

സിനിമ ഒരു കലയാണ്. ആയിരുന്നു എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി . കാരണം, ഒരു ഇൻഡസ്ട്രി എന്ന നിലയിലേക്കുള്ള സിനിമയുടെ പരകായപ്രവേശം ഇപ്പോൾ പൂർണ്ണമാണ്. കോർപറേറ്റ് മേഖലയിലെ ‘മീഡിയ ആൻഡ് എന്റർടെയിൻമെന്റ്’ ബിസിനസ് വെർട്ടിക്കലിന്റെ ഭാഗമാണ് സിനിമ . കുറഞ്ഞത് ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുന്ന ഒരു വെർട്ടിക്കൽ . കഷായത്തിൽ ഇന്തുപ്പ് ചേർക്കുന്നത് പോലെയേയുള്ളൂ ഇന്നത്തെ സിനിമയും കലയും തമ്മിലുള്ള ബന്ധം . എന്നാൽ അങ്ങനെയല്ല എന്ന് പാവപ്പെട്ട ജനങ്ങളെ വിശ്വസിപ്പിക്കുന്ന കാര്യത്തിൽ സിനിമ ഇന്നും വിജയം കൈവരിച്ച് നിൽക്കുകയാണ് .
ഒരു വ്യവസായമാകുമ്പോൾ അതിന്റെ എല്ലാ തനത് സവിശേഷതകളും സിനിമക്കും ഉണ്ടാകും . ഒരു വ്യവസായത്തിൽ മുഖ്യമായ ഒരു ഉത്പന്നം ഉണ്ടാകും . ഉദാഹരണത്തിന് സിമന്റ് വ്യവസായത്തിൽ സിമന്റാണ് പ്രധാന ഉത്പന്നം . സ്റ്റീൽ ഇൻഡസ്ട്രി എടുക്കുമ്പോൾ ഉരുക്കാണ് മുഖ്യ ഉത്പന്നം . പല ഇൻഡസ്ട്രിയിലും പ്രധാന ഉൽപ്പന്നത്തോടൊപ്പം പല ഉപോല്പന്നങ്ങളും ( ബൈപ്രോഡക്ട്സ് ) ഉല്പാദിതമാകാറുണ്ട് . രാസവളം ഉല്പാദിപ്പിക്കുമ്പോൾ അവക്ഷിപ്തമായി ജിപ്സം ഉണ്ടാകാറുണ്ട് . ക്രൂഡ് ഓയിൽ സംസ്കരിക്കുമ്പോൾ , പെട്രോൾ , ഡീസൽ തുടങ്ങി ബിറ്റുമിൻ വരെയുള്ള ഇരുപതോളം ഉത്പന്നങ്ങൾ ഉണ്ടാകാറുണ്ട് .

അതിൽ നിന്നുള്ള ഒരു അവക്ഷിപ്തമായി മാത്രമേ ഇന്നത്തെ സിനിമയെ പരാമർശിക്കാൻ കഴിയൂ . നിരവധി മീഡിയ റിപ്പോർട്ടുകൾക്ക് പുറമെ, ഏറ്റവും ഒടുവിൽ ഹേമ കമ്മറ്റി റിപ്പോർട്ടിൽ വരെ മയക്കു മരുന്ന് ഉപയോഗത്തിന്റെ ആധിക്യത്തെ കുറിച്ചുള്ള പരാമർശവും അതിനെ നിയന്ത്രിക്കണമെന്ന നിർദേശവുമുണ്ട് . സിനിമ ഇന്ന് എത്തിപ്പെട്ടു നിൽക്കുന്ന വല്ലാത്ത ഈ അവസ്ഥയാണ് ആത്യന്തികമായി അതിന്റെ തന്നെ ഉദകക്രിയ നിർവഹിക്കാൻ പോകുന്നത് .
ഒരു സിനിമയെടുക്കുന്നതിന് നാലഞ്ച് കോടി രൂപ മുതൽമുടക്ക് വരുമെന്നാണ് പൊതുവെ പറയുന്നത് . മലയാള സിനിമയുടെ സമീപകാല ചരിത്രത്തിൽ സത്യസന്ധമായി അന്വേഷിച്ചാൽ മുതൽമുടക്ക് തിരിച്ചു പിടിച്ച എത്ര സിനിമ കാണും . നാലുംമൂന്നേഴാള് പോലും തികച്ചു കയറാത്ത സിനിമ പോലും ബോക്സ്ഓഫീസിൽ വൻവിജയമാണ് . മൂന്നാംനാൾ അത് നൂറു കോടി ക്ലബിൽ ഇടം പിടിക്കുകയാണ് . ഇന്റർവെൽ വരെ പോലും സഹിച്ചിരിക്കാൻ കഴിയാതെ ഇറങ്ങി ഓടുന്ന അനുഭവങ്ങൾ പലർക്കുമുണ്ടായിട്ടുണ്ട് .

ഒരു സമൂഹത്തെയാകെ ദിശാബോധമില്ലാതെ , മയക്കുമരുന്നിലേക്കും ക്രിമിനൽവത്കരണത്തിലേക്കും നയിക്കുന്ന ലോബികളും മാഫിയ സംഘങ്ങളുമാണ് ഇന്ന് സിനിമാ ലോകത്തെ നിയന്ത്രിക്കുന്നത് .
പല സിനിമകളുടെയും ഇതിവൃത്തം പരിശോധിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും . ഗുണ്ടാസംഘങ്ങളെ ഗ്ലോറിഫൈ ചെയ്യുന്ന , മദ്യവും മയക്കുമരുന്ന് ഉപയോഗവും യുവാക്കൾക്കിടയിൽ ഫാഷനും പാഷനുമൊക്കെയാക്കി മാറ്റുന്ന , പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തുതരം ഉടായിപ്പുകളും ( അമ്മയെയും അച്ഛനെയും നിഷേധിക്കുന്നതടക്കമുള്ള കാര്യങ്ങൾ ) ചെയ്യാൻ പ്രേരണ നൽകുന്ന , അസഭ്യവർഷം യഥേഷ്ടം നടത്തുന്ന , സ്ത്രീവിരുദ്ധവും മനുഷ്യ വിരുദ്ധവുമായ സിനിമകളുടെ തള്ളിക്കയറ്റം ഈയിടെയുണ്ടായിട്ടുണ്ട് . സിനിമ എന്നത് അതിലെ പ്രധാന പ്രവർത്തകരുടെ ജീവിതാനുഭവങ്ങളുടെ നേർചിത്രം കൂടിയാണ് .

ഇന്ന് സിനിമയിൽ സക്രിയമായിരിക്കുന്ന പലരുടെയും ജീവിതാനുഭവങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട് . ഇത്തരം മാഫിയ സംഘങ്ങൾ അവരുടെ ബിസിനസ് പ്രൊമോട്ട് ചെയ്യുന്നതിനുള്ള സിനിമകൾ പ്രൊഡ്യൂസ് ചെയ്യുന്നു എന്നതാണ് ഇൻഡസ്ട്രി നേരിടുന്ന പ്രതിസന്ധി .

അത്തരം സിനിമകൾക്കെ പ്രേക്ഷേകാറുള്ളൂ എന്ന് സ്ഥാപിച്ചുറപ്പിക്കുകയാണ് ക്രിമിനൽ – മാഫിയ സംഘങ്ങൾ . അതിശയിപ്പിക്കുന്നതും സങ്കടകരവുമായ കാര്യം പഴയ സ്‌കൂളിൽ നിന്നും വന്ന മഹാനടന്മാരും സംവിധായകരുമൊക്കെ അത് പുതിയ തലമുറയുടെ വലിയ സംഭവനകളായി വാഴ്ത്തുന്നത് കാണുന്നതാണ് . സ്പ്രിന്റ് ഇനങ്ങളിൽ പോയിട്ട് മാരത്തണിൽ ഒരു നൂറുവാര ഓടാൻ ശേഷിയും ശേമുഷിയും ഇല്ലാത്ത മഹാനടന്മാരുടെ ഈയവസരത്തിലെ മൗനത്തെ കുറിച്ച് എന്ത് പറയാനാണ് .


ഒരു പെട്ടിക്കടയോ തട്ടുകടയോ തുടങ്ങുന്നതിന് ഇന്ന് പഞ്ചായത്ത് , മുനിസിപ്പൽ , കോർപറേഷൻ ലൈസൻസ് വേണം . ജി എസ് ടി വകുപ്പ് മുതൽ
ഫുഡ് ഇൻസ്പെക്ടർമാരുടെ വരെ ലെൻസിലാണ് അവർ .

നൂറിലേറെ പേർ ഇൻവോൾവ് ചെയ്യുന്ന , മൂന്ന് നേരം ഭക്ഷണം വിതരണം ചെയുന്ന ഒരു ഷൂട്ടിംഗ് സെറ്റിൽ ഇന്നേ വരെ ഏതെങ്കിലും സർക്കാർ വകുപ്പിന്റെ പരിശോധന നടന്നിട്ടുണ്ടോ ? മലയാളത്തിൽ എത്രപേർ സിനിമയെടുക്കുന്നുണ്ട് ? എത്ര പേർ അതിൽ പണിയെടുക്കുന്നുണ്ട് ? അവരുടെ സേവനവേതന വ്യവസ്ഥകൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് ഒരു വിവരശേഖരം സർക്കാരിന്റെ പക്കലുണ്ടോ ? സത്യത്തിൽ ഏത് ക്രിമിനലിനും യഥേഷ്ടം എന്ത് അഴിഞ്ഞാട്ടവും നടത്താവുന്ന, ആരും ചോദ്യം ചെയ്യാൻ പാടില്ലാത്ത ഒരിടമായി സിനിമ മാറിയിരിക്കുകയാണ് .

ഇത്തരം സൗകര്യങ്ങൾ ലഭ്യമാകുന്ന ഒരു തൊഴിലിടത്തിൽ മൂത്രമൊഴിച്ചിട്ടു തിരിച്ചു വരുന്ന നടിയെ കെട്ടിപിടിച്ച് ചുംബിക്കുന്നില്ലെങ്കിലേ അത്ഭുതമുള്ളൂ . അതുകൊണ്ട് സിനിമ മേഖലയിൽ രെജിസ്ട്രേഷൻ , ലൈസൻസിങ് , കണക്കുകളുടെ ആഡിറ്റിംഗ് തുടങ്ങിയ കാര്യങ്ങൾ നിർബന്ധമാക്കുന്ന നടപടികൾ കൂടിയേ തീരൂ . കള്ളപ്പണം വെളുപ്പിക്കുന്നവരുടെയും മയക്കുമരുന്ന് ലോബിയുടെയും സ്വൈര്യവിഹാര കേന്ദ്രങ്ങളായി സിനിമ വ്യവസായം മാറുന്നതിന് ഇനിയെങ്കിലും തടയിടണം.


പത്തു , പന്ത്രണ്ട് വർഷം മുൻപ് വരെ നല്ല സിനിമയെടുക്കാനായിരുന്നു അതിന്റെ പ്രവർത്തകർ ശ്രമിച്ചിരുന്നതെങ്കിൽ ഇന്ന് നല്ല സിനിമയുടെ സ്ഥാനം പരണത്താണ്. സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അതിന്റെ പ്രൊമോഷൻ , മാർക്കറ്റിംഗ് തുടങ്ങിയ കാര്യങ്ങളിലേക്കാണ് ശ്രദ്ധയൂന്നുന്നത് . കഥ മോഷ്ടിക്കൽ വിവാദം മുതൽ കാര്യങ്ങൾ തുടങ്ങുകയായി . ഓരോ ഘട്ടത്തിലും വിവാദങ്ങൾ ഉല്പാദിപ്പിച്ചെടുക്കുകയാണ് .

ചാനലുകളിലും നവമാധ്യമങ്ങളിലുമൊക്കെ നടീനടന്മാരെയും അണിയറപ്രവർത്തകരെയും കൊണ്ട് വന്നിരുത്തി ദേഷ്യപ്പെടൽ, കരച്ചിൽ, തെറിവിളിക്കൽ, സഭ്യേതര പ്രയോഗങ്ങൾ തുടങ്ങിയ സാമദാനഭേദദണ്ഡ പരിപാടികൾ ഒന്നിന് പുറകെ ഒന്നായി അരങ്ങേറുകയാണ് . ഒടുവിൽ ആരെക്കൊണ്ടെങ്കിലും ഒരു കേസ് കൊടുപ്പിക്കൽ . അതോടെ തിയേറ്ററിൽ എത്തുന്നതിന് മുൻപ് സിനിമയുടെ ആഘോഷം . ഒരു നല്ല സിനിമ എങ്ങനെ ഉണ്ടാക്കാം എന്നതല്ല, എങ്ങനെ പരമാവധി ആളുകളെ വിഡ്ഢികളാക്കി തിയേറ്ററുകളിലെത്തിക്കാം എന്ന വഴിക്കാണ് ചിന്ത പോകുന്നത് . സിനിമ സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുന്ന ക്രിയേറ്റിവിറ്റിയുടെ നൂറു മടങ്ങാണ് ഇത്തരം പൊറാട്ടുനാടകങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നത് .


മലയാളം ഉൾപ്പടെ ഇന്ത്യൻ സിനിമയെ നിയന്ത്രിക്കുന്നത് ദുബായ് കേന്ദ്രമായുള്ള ഒരു പവർ ഗ്രൂപ്പാണ് . ഒരു ഇറാൻ പൗരനാണ് ദശകങ്ങളായി ഈ പവർ ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് . ഇന്ത്യക്കാരും വിദേശികളുമടങ്ങുന്ന ഈ ഗ്രൂപ്പിന്റെ വിനീതവിധേയരാണ് മലയാളത്തിലെ സൂപ്പർ താരങ്ങളടക്കമുള്ളവർ . ഇറാനി അറിയാതെ ഒരില പോലും മലയാള സിനിമയിൽ അനങ്ങാറില്ല എന്നതാണ് വസ്തുത . വലിയ തോതിൽ പണക്കൊഴുപ്പുള്ള ഈ പവർ ഗ്രൂപ്പാണ് മലയാളത്തിലെ ചില യുവനടന്മാരുടെ സിനിമകൾക്ക് പണം മുടക്കുന്നത് . മലയാളത്തിലെയും ഹിന്ദിയിലെയും പല പ്രമുഖർക്കും ദുബായിൽ ചെല്ലും ചെലവും നൽകുന്നതും അവരുടെ പണം ഇൻവെസ്റ്റ് ചെയ്യുന്നതിനും പിന്നിൽ ഈ ഗ്രൂപ്പുണ്ടെന്നത് ഒരു വസ്തുതയാണ് . വാസ്തവത്തിൽ ഇടതുപക്ഷത്തുള്ളവർ മനസിലാക്കാതെ പോകുന്ന ഒരു പ്രധാനപ്പെട്ട കാര്യം സിനിമ ഉപയോഗിച്ച് നമ്മുടെ പൊതുബോധത്തെ മാറ്റിയെടുക്കുന്നു എന്നതാണ് . വര്ഗപരമായി ഇടതുപക്ഷ ആശയങ്ങളോട് ചേർന്ന് നിൽക്കുന്ന സിനിമകൾ ഇന്ന് ഉണ്ടാകുന്നില്ല . പകരം വല്ലാത്ത തരത്തിലുള്ള വലതുപക്ഷവൽക്കരണം സിനിമയിൽ സംഭവിക്കുന്നു എന്നത് ഗുരുതരമായ ഒരു പ്രതിസന്ധിയാണ് പുരോഗമന ആശയങ്ങൾക്ക് മുന്നിൽ ഉയർത്തുന്നത് .

ജീർണ്ണിച്ച വർഗീയ ആശയങ്ങളെ പിൻപറ്റുന്ന നിരവധി സിനിമകൾ മലയാളത്തിൽ പിറവിയെടുക്കുന്നത് നാം കാണുന്നുണ്ട് . വല്ലാത്ത ഹൈപ്പ് സൃഷ്ടിച്ചണ് അവ വിജയിപ്പിച്ചെടുക്കുന്നതിനുള്ള വർഗീയ ശക്തികളുടെ യത്നത്തെ ഇടതുപക്ഷം കൺതുറന്നു തന്നെ കാണണം . അതുകൊണ്ട് ശരാശരി സിനിമയെടുക്കുന്ന സംവിധായകരെ പോലും മഹാപ്രതിഭയെന്നൊക്കെ വാഴ്ത്തുമൊഴി പറയുമ്പോൾ ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ഇടത് സഹയാത്രികർ എന്ന് മേനി നടിക്കുന്ന സിനിമ പ്രവർത്തകർ പോലും ഈ ചെളിക്കുണ്ടിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ഇടതുപക്ഷത്തിന് വേണ്ടി രക്തം ചിന്തിയവർക്കാണ് ചവിട്ടേൽക്കുന്നത് . നേരത്തെ പറഞ്ഞ സിനിമ വ്യവസായത്തിലെ പ്രധാന ബിസിനസ് വെർട്ടിക്കലുകൾ തളിർത്തു വളരുന്നതിനുള്ള ഉപാധി മാത്രമായി സിനിമയെ മാഫിയകൾ ഉപയോഗിക്കുകയാണ് . മയക്കു മരുന്നും ക്വട്ടേഷൻ പ്രവർത്തനവുമൊക്കെ യഥേഷ്ടം പുഷ്ടിപ്പെടുത്തേണ്ടവർ അതിന് ഏറ്റവും പറ്റിയ സിനിമ മേഖലയെ തന്നെ പ്രയോജനപ്പെടുത്തുന്നതാണ് ഇന്ന് കാണുന്നത് . അതിനുള്ള പരിപ്രേക്ഷ്യം അവർ തന്നെ സിനിമ മേഖലയിൽ സൃഷ്ടിക്കുന്നു . അതാണ് ഇന്നത്തെ സിനിമാ ലോകം .

മണിയൻ പിള്ള രാജു, വി. കെ. പ്രകാശ്, ബാബു രാജ്, തുളസി ദാസ്

ഇപ്പോഴത്തെ പ്രശ്നത്തിന് ചില ഞരമ്പുകൾ മാധ്യമ പ്രവർത്തകരുടെ മെക്കിട്ട് കേറുന്നുണ്ട്. കേരളത്തിലെ സിനിമയുമായി ബന്ധപ്പെടുന്ന നല്ലൊരു വിഭാഗം മാധ്യമപ്രവർത്തകരെയും സിനിമയിലെ ‘സോകാൾഡ്’ നക്ഷത്രങ്ങൾ ഉൾപ്പടെ പലരും ആക്ഷേപിച്ച സംഭവങ്ങളുണ്ട് . അപമാനിച്ച സംഭവങ്ങളുമുണ്ട് . അവർക്ക് ഒരവസരം കിട്ടിയപ്പോൾ അത് നന്നായി ഉപയോഗിക്കുന്നു എന്ന് മാത്രം . അതൊരുതരം കാവ്യനീതിയാണ് എന്ന് മാത്രം കരുതുക .
പിന്നെ ചിലരുടെ രോദനം കാണുമ്പോൾ പരിഹാസമാണ് തോന്നുന്നത് . അവർ പറയുന്നത് കുറ്റാരോപിതർക്കും കുടുംബമുണ്ട് എന്നൊക്കെയാണ് .

കഴിവുള്ള , അത് പ്രകടിപ്പിക്കണമെന്ന് ആത്മാർത്ഥമായി അഭിലഷിക്കുന്ന എന്നാൽ മാന്യമായി തങ്ങളുടെ സർഗ്ഗശേഷിയുടെ ആവിഷ്കാരം നടത്തണമെന്ന് ആഗ്രഹിക്കുന്നവരുടെ സ്വപ്നങ്ങൾക്ക് തീയിടാൻ, മത്സരിച്ച് ശ്രമിക്കുന്ന മലയാള സിനിമയിലെ ഒരു പറ്റം തമ്പുരാക്കന്മാർ ഒന്നാലോചിക്കുക , തമ്പുരാൻ വാഴ്ചയുടെ കാലം കഴിഞ്ഞിരിക്കുന്നു . വേദനകളും അപമാനവും കടിച്ചിറക്കി പോരാട്ടം നടത്തിയ ഒരുകൂട്ടം വനിതാ സിനിമാപ്രവർത്തകരെ വരുംകാല കലാകാരികൾ നമിക്കും എന്നതുറപ്പാണ്.

പിൻകുറിപ്പ് : മികച്ച ഹോട്ടൽ വ്യവസായിക്കൊ , മികച്ച പലവ്യഞ്ജന കടക്കാരനോ ഒന്നും സർക്കാർ ചെലവിൽ വർഷം തോറും അവാർഡുകൾ കൊടുക്കാറില്ല . സിനിമയും ഒരു വ്യവസായമാണ് . അതുകൊണ്ട് അവിടെയും അവാർഡ് നൽകാൻ ജനങ്ങളുടെ ഒരു രൂപ പോലും ഉപയോഗിക്കുന്നത് ശരിയല്ല .

Around The Web

Related ARTICLES

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »