റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ വാഹന പാർക്കിങ് സൗകര്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം. റിയാദ് നഗരത്തിനുള്ളിൽ വിപുലമായ പൊതുപാർക്കിങ്ങിനുള്ള പദ്ധതിയുടെ ചട്ടക്കൂടിനുള്ളിലാണിത്. പൊതുപാർക്കിങ് വ്യവസ്ഥാപിതമാക്കി തെറ്റായതും ക്രമരഹിതവുമായ പാർക്കിങ് രീതികൾ കുറച്ചുകൊണ്ട് തലസ്ഥാനത്തെ ജീവിത നിലവാരമുയർത്താൻ ലക്ഷ്യമിടുന്ന ഒരു സുപ്രധാന പദ്ധതിയാണിത്.
നഗരവാസികൾക്കും ടൂറിസ്റ്റുകൾക്കും സന്ദർശകർക്കും സുരക്ഷിതവും സുഗമവുമായ സഞ്ചാരത്തിന് റോഡുകൾ മെച്ചപ്പെടുത്തുന്നതിനും വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമൊരുക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. റോഡുകളോട് ചേർന്ന് 24,000ത്തിലധികം പൊതുപാർക്കിങ് സ്ഥലങ്ങൾ ഒരുക്കും. അതിനുപുറമെ പാർപ്പിട കേന്ദ്രങ്ങളിലായി 1,40,000ത്തിലധികം പാർക്കിങ് സ്ഥലങ്ങൾ സജ്ജീകരിക്കും. ഇതാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. അൽ വുറൂദ്, റഹ്മാനിയ, ഗർബ് അൽഉലയ്യ, അൽ മുറൂജ്, കിങ് ഫഹദ്, സുലൈമാനിയ എന്നീ ഡിസ്ട്രിക്റ്റുകളിലെ 12 കേന്ദ്രങ്ങളിലും നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള മറ്റു നാല് പ്രദേശങ്ങളിലുമാണ് ഇത്രയും പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നത്.
പൊതു പാർക്കിങ്ങിനോട് ചേർന്നുള്ള ഡിസ്ട്രിക്റ്റുകളിൽ വാണിജ്യ പ്രവർത്തനം ഉത്തേജിപ്പിക്കാനും പദ്ധതിയുണ്ട്. ഷോപ്പിങ് കേന്ദ്രങ്ങളിൽ എത്ര ഉപഭോക്താക്കളും കച്ചവടക്കാരും എത്തിയാലും കൂടുതൽ തിരക്ക് അനുഭവപ്പെടാത്ത വിധം പാർക്കിങ് സ്ഥലങ്ങൾ ലഭ്യമാക്കാൻ ഈ പുതിയ സേവനം സഹായിക്കും.