ദോഹ: ആറു മാസം കൊണ്ട് ലോകമെങ്ങുമുള്ള സന്ദർശകരെ സ്വാഗതം ചെയ്ത ദോഹ അന്താരാഷ്ട്ര ഹോർട്ടി കൾചറൽ എക്സ്പോക്ക് പുരസ്കാരത്തിളക്കം.
സുസ്ഥിരതയും പരിസ്ഥിതി സൗഹൃദവും അടിസ്ഥാനമാക്കിയ ദോഹ എക്സ്പോക്കും, പ്രധാന വേദിയായ എക്സ്പോ ഹൗസിനുമാണ് ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റിന്റെ (ഗോർഡ്) ഗ്ലോബൽ സസ്റ്റയ്നബിലിറ്റി അസസ്മെന്റ് സിസ്റ്റം (ജി.എസ്.എ.എസ്) സർട്ടിഫിക്കറ്റ് നേട്ടം. രൂപ കൽപനക്കും നിർമാണത്തിനുമുള്ള അംഗീകാരമായി ഫോർ സ്റ്റാർ റേറ്റിങ്ങോടെയാണ് എക്സ്പോ ഹൗസ് ജി.എസ്.എ.എസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്.
എക്സ്പോയിലെ ഉള്ളടക്കത്തിനും ലക്ഷ്യത്തിനുമുള്ള അംഗീകാരമായി ദോഹ എക്സ്പോ 2023 സംഘാടനത്തിന് ജി.എസ്.എ.എസ് ഇക്കോലീഫ് സർട്ടിഫിക്കറ്റ് ലഭ്യമായി.
സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചുകൊണ്ട് മുനിസിപ്പാലിറ്റി മന്ത്രാലയമാണ് വാർത്ത പങ്കുവെച്ചത്. വേറിട്ട മാതൃകയിലെ എക്സ്പോ ഹൗസ് നിർമാണം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ലോകത്തെ ഏറ്റവും വലിയ ഹരിത മേൽക്കൂരയെന്ന റെക്കോഡും സ്വന്തമാക്കി എക്സ്പോ ഹൗസ് ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സിബിഷന്റെ പൈതൃകം തലമുറകളിലേക്ക് കൂടി പകരുകയെന്ന ലക്ഷ്യവുമായാണ് തയാറാക്കിയത്.
നിർമാണത്തിലും രൂപകൽപനയിലും വൈവിധ്യമാർന്ന 50ഓളം ഘടകങ്ങൾ ഉൾക്കൊള്ളിച്ചായിരുന്നു പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ഹോർട്ടി കൾചറൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും എക്സ്പോ ഹൗസിനെ പ്രശംസിച്ചിരുന്നു.
ഖത്തരി വാസ്തുവിദ്യയും ആധുനിക നിർമാണ രീതികളും പിന്തുടർന്ന് പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ മാതൃകകൾ തീർത്തതിന്റെ അംഗീകാരമാണ് ജി.എസ്.എ.എസ് സർട്ടിഫിക്കറ്റ് നേട്ടമെന്ന് എക്സ്പോ ദോഹ ഓർഗനൈസിങ് കമ്മിറ്റി സെക്രട്ടറി ഡോ. ഫൈഖ അഷ്കനാനി അറിയിച്ചു.
2023 ഒക്ടോബർ രണ്ടിന് ആരംഭിച്ച് മാർച്ച് 28 വരെ നീണ്ടു നിന്ന ദോഹ എക്സ്പോ ഹോർട്ടി കൾചറൽ പ്രദർശന ചരിത്രത്തിൽ പുതിയ നാഴികകല്ല് കുറിച്ചുകൊണ്ടായിരുന്നു കൊടിയിറങ്ങിയത്.
മരുഭൂവത്കരണം കുറക്കാനും, ഹരിതാഭമായ നാട് പടുത്തുയർത്താനും പരിസ്ഥിതി സംരക്ഷണവും കൃഷിയും മെച്ചപ്പെടുത്താനുമുള്ള പ്രചോദനമായിരുന്നു പ്രദർശനം.
179 ദിവസം നീണ്ടു നിന്ന എക്സ്പോയിൽ 42.20 ലക്ഷം സന്ദർശകരാണെത്തിയത്. 77 രാജ്യങ്ങളുടെ പങ്കാളിത്തവും വിനോദ, സാംസ്കാരിക, കാർഷിക, കുടുംബ പരിപാടികളും ശ്രദ്ധേയമായി. ആറു മാസം കൊണ്ട് ഏഴായിരത്തോളം പരിപാടികൾ, 54 രാജ്യങ്ങളുടെ ദേശീയ ദിനാഘോഷം, 124 സമ്മേളനങ്ങൾ എന്നിവ കൊണ്ടും സജീവമായിരുന്നു.
സുസ്ഥിരത, പരിസ്ഥിതി അവബോധം, സാങ്കേതിക വിദ്യ, നൂതന പദ്ധതികൾ, ആധുനിക കൃഷി എന്നീ മേഖലയിലാണ് എക്സ്പോ ശ്രദ്ധ നൽകിയതെന്ന് ഡോ. ഫൈഖ പറഞ്ഞു. എക്സ്പോയുടെ നേട്ടത്തെ ‘ഗോർഡ്’ ചെയർമാൻ ഡോ. യൂസുഫ് അൽ ഖോറും അഭിനന്ദിച്ചു.