തിരുവനന്തപുരം : കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിയായ 13 വയസ്സുകാരിക്കായി വ്യാപക തിരച്ചിൽ. പെൺകുട്ടിയെ കാണാതായിട്ട് മണിക്കൂറുകൾ പിന്നിട്ടു. ഇന്നലെ രാവിലെയാണ് കഴക്കൂട്ടത്തെ വീട്ടിൽനിന്ന് പെൺകുട്ടിയെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ വഴക്കു പറഞ്ഞതിനാലാണ് പെൺകുട്ടി വീടുവിട്ട് ഇറങ്ങിയത്. പെൺകുട്ടി കന്യാകുമാരി ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരള പൊലീസ് തമിഴ്നാട്ടിൽ അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം എസ്ഐ, ഒരു വനിതാ എസ്ഐ എന്നിവർ ഉൾപ്പെടെയുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്കു പുറപ്പെട്ടു.
തമിഴ്നാട് എസ്പിയുടെ നേതൃത്വത്തിലും തിരച്ചിൽ നടക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ബെംഗളൂരു – കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചു. ട്രെയിനിലിരുന്ന് കരയുന്നത് ശ്രദ്ധിച്ച യാത്രക്കാരിയാണ് പെൺകുട്ടിയുടെ ഫോട്ടോ എടുത്തത്. പിന്നീട്, ഒരു പെൺകുട്ടിയെ കാണാതായ വാർത്ത അറിഞ്ഞതോടെ സംശയം തോന്നി ഫോട്ടോ പൊലീസിനു കൈമാറി. പൊലീസ് കുടുംബത്തെ ഫോട്ടോ കാണിച്ച് പെൺകുട്ടിയാണെന്ന് ഉറപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ തമ്പാനൂരിൽ നിന്നാണ് കുട്ടി ട്രെയിനിൽ കയറിയത്. ട്രെയിനിൽ കുട്ടിയെ ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാറശാലവരെ പെൺകുട്ടി ട്രെയിനിൽ യാത്ര ചെയ്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. പെൺകുട്ടി കന്യാകുമാരിക്ക് മുൻപ് ട്രെയിനിൽനിന്ന് ഇറങ്ങാനുള്ള സാധ്യകളും പരിശോധിക്കുന്നു.
മൂന്നു കിലോമീറ്റർ ദൂരം കുട്ടി സഞ്ചരിച്ചതിന്റെ, ഉച്ചയ്ക്ക് 12 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ രാവിലെ 10 മണി മുതലാണു കുട്ടിയെ കാണാതായത്. കുട്ടിയുണ്ടെന്നു കരുതിയ, തിരുവനന്തപുരത്തു നിന്നു അസമിലേക്കുള്ള അരോണയ് എക്സ്പ്രസ് ട്രെയിൻ പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ എത്തിയതിനെ തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്താനായില്ല. ട്രെയിൻ 15 മിനിറ്റോളം പിടിച്ചിട്ടായിരുന്നു പരിശോധന. കഴക്കൂട്ടത്ത് താമസിക്കുന്ന കുട്ടിയെയാണു കാണാതായത്. സഹോദരിമാരുമായി വഴക്കുണ്ടാക്കിയതിന് അമ്മ കുട്ടിയെ ശകാരിച്ചിരുന്നു. പിന്നാലെ കുട്ടി വീടുവിട്ടിറങ്ങിയെന്നും ബാഗും വസ്ത്രങ്ങളും സഹിതമാണ് പോയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ പക്കൽ 50 രൂപ മാത്രമാണുണ്ടായിരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.