കുവൈത്ത് സിറ്റി: മുൻ ഫുട്ബാൾ താരവും കോച്ചുമായ ജുവാൻ അന്റോണിയോ പിസി കുവൈത്ത് ദേശീയ ടീമിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റു. ടീമിനെ നയിക്കാൻ കഴിഞ്ഞതിൽ സന്തോഷവും ബഹുമാനവുമുണ്ടെന്ന് ജുവാൻ പിസി പറഞ്ഞു. പിസിയുടെ നിയമനത്തോടെ കുവൈത്ത് ഫുട്ബാളിന് വെല്ലുവിളികളെ തരണം ചെയ്യാൻ കഴിയുമെന്ന് കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) ആക്ടിങ് ചെയർമാൻ ഹായിഫ് അൽ മുത്തൈരി പറഞ്ഞു.
പിസിയുടെ നേട്ടങ്ങളും റെക്കോഡുകളും അദ്ദേഹം എടുത്തുപറഞ്ഞു. മികച്ച പ്രകടനം ഉറപ്പാക്കി ദേശീയ ടീമിനെ നയിക്കാൻ കെ.എഫ്.എ വ്യക്തവും നിശ്ചയ ദാർഢ്യമുള്ളതുമായ പദ്ധതി നടപ്പിലാക്കുകയാണന്ന് അൽ മുതെരി പറഞ്ഞു.
ടീമിനെ നയിക്കാൻ കഴിഞ്ഞതിൽ സന്തോഷവും ബഹുമാനവുമുണ്ടെന്ന് പിസി വാർത്താസമ്മേളനത്തിൽ അറിയിച്ചു. താനും തന്റെ ടെക്നിക്കൽ സ്റ്റാഫും കഠിനാധ്വാനം ചെയ്യാനും കളിക്കാരുമായി തങ്ങളുടെ അനുഭവം പങ്കിടാനും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
അർജന്റീനയിൽ ജനിച്ച ജുവാൻ പിസി നാലു വർഷം സ്പെയിൻ ദേശീയ ടീമിനെ പ്രതിനിധാനം ചെയ്ത് ഒരു ലോകകപ്പിലും ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും കളത്തിലിറങ്ങിയിട്ടുണ്ട്. വിരമിച്ചതിന് ശേഷം പരിശീലന രംഗത്തേക്ക് തിരിഞ്ഞു. 2018ലെ ലോകകപ്പിൽ സൗദി അറേബ്യയെ പരിശീലിപ്പിച്ച ജുവാൻ പിസി 2023ൽ ബഹ്റൈൻ ടീമിന്റെയും കോച്ചായിരുന്നു.
2026 ലെ ഫിഫ ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് പോരാട്ടങ്ങൾ, എഷ്യൻ കപ്പ്, അറബ് കപ്പ് എന്നിവക്കായി കുവൈത്ത് ദേശീയ ടീമിനെ ഒരുക്കലാകും ജുവാൻ പിസിക്ക് മുന്നിലെ ആദ്യ വെല്ലുവിളി. അടുത്ത മാസം ജോർഡനും ഇറാഖിനുമെതിരായ മത്സരങ്ങളോടെ ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിന് തുടക്കമാകും. ജോർഡനുമായുള്ള യോഗ്യത മത്സരത്തിന് പത്തുദിവസം മുമ്പ് പരിശീലനം തുടങ്ങുമെന്ന് പിസി വ്യക്തമാക്കി.
