കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ചരിത്രപരവും ആഴമേറിയതുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ.
കുവൈത്ത് ഊർജ മേഖലയിൽ ഇന്ത്യയുടെ ആറാമത്തെ വലിയ പങ്കാളിയാണ്. ഒരു ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർ കുവൈത്തിൽ താമസിക്കുന്നു. ഇവർ പ്രതിവർഷം ഒരു ബില്യൺ യു.എസ് ഡോളർ മൂല്യമുള്ള പണം രാജ്യത്തേക്ക് അയക്കുന്നുണ്ടെന്നും ഡോ. എസ്. ജയശങ്കർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കുവൈത്ത് നിക്ഷേപം ഉയർന്ന പാതയിലാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഇന്ത്യയിലെ പ്രവർത്തനം സൂചിപ്പിച്ചു.
ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് വർധിച്ചുവരുന്ന താൽപര്യവും സൂചിപ്പിച്ചു. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ദീർഘകാലമായി 10 മുതൽ 15 ബില്യൺ യു.എസ് ഡോളറിൽ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
ഗൾഫ് അറബ് മേഖലയെ ഇന്ത്യയുടെ അവിഭാജ്യ പങ്കാളി’ എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രി, വിദേശത്തുള്ള ഇന്ത്യയിലെ പ്രവാസികളിൽ നാലിലൊന്ന് പേരും ഇവിടങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 30 ശതമാനവും ഗൾഫ് അറബ് കയറ്റുമതിയിൽനിന്നാണെന്നും പറഞ്ഞു.വാതക ആവശ്യത്തിന്റെ 70 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽനിന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജി.സി.സി രാജ്യങ്ങൾ ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ ആറിലൊന്നിനെയും അതിന്റെ മൊത്തം സാന്നിധ്യത്തിന്റെ മൂന്നിലൊന്നിനെയും പ്രതിനിധീകരിക്കുന്നു.
