പാരിസ് ഒളിംപിക്സില്‍ നിന്ന് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് അയോഗ്യത.
പാരിസ്: പാരിസ് ഒളിംപിക്സില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയില്‍ നിന്ന് രാജ്യത്തിന്റെ കണ്ണീരായി മാറിയിരിക്കുകയാണ് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്.ശരീരഭാര പരിശോധനയില്‍ താരം പരാജയപ്പെട്ടു.വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് താരം മത്സരിച്ചത്. എന്നാല്‍ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയില്‍ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തി. ഇതോടെ ഇന്ത്യയ്ക്ക് ഉറപ്പായ ഒരു മെഡല്‍ നഷ്ടമാകും.
പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്. മത്സരദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ അനുവദനീയമായ ശരീരഭാരത്തിനെക്കാള്‍ 100 ഗ്രാം കൂടുതല്‍ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്ബ് അയോഗ്യയാക്കിയത്.
ഒളിംപിക്സ് നിയമങ്ങള്‍ അനുസരിച്ച് വിനേഷ് ഫോഗട്ടിന് വെള്ളി മെഡലിന് പോലും അര്‍ഹതയുണ്ടാകില്ല. അയോഗ്യതാക്കിയതോടെ ഈ വിഭാഗത്തില്‍ മത്സരിച്ച താരങ്ങളില്‍ അവസാന സ്ഥാനത്തായിരിക്കും വിനേഷിന്റെ പേര് രേഖപ്പെടുത്തുക. വിനേഷിനെ അയോഗ്യതയാക്കിയതോടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ അമേരിക്കയുടെ സാറ ഹില്‍ഡെബ്രാൻഡ് സ്വര്‍ണം നേടും. ഈ വിഭാഗത്തില്‍ വെള്ളി മെഡല്‍ ഉണ്ടാകില്ല. വെങ്കലം മാത്രമായിരിക്കും ഇനി സെമി പോരാട്ടത്തില്‍ തോറ്റവര്‍ തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ക്ക് നല്‍കുക.
ഒരൊറ്റ ദിവസം കൊണ്ട് വിനേഷിന്റെ ഭാരത്തില്‍ എങ്ങനെയാണ് ഈ മാറ്റമുണ്ടായതെന്നും തിരിമറി നടന്നിട്ടുണ്ടോ എന്ന ചോദ്യവുമുയര്‍ത്തി വിമര്‍ശനമുന്നയിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ കായികപ്രേമികള്‍.വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ ഇരമ്ബി ആരാധകരോക്ഷം, പ്രതിഷേധം ശക്തം