ലഡാക്ക് സംഘര്‍ത്തില്‍ പരിക്കേറ്റ ജവാന്മാരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചതിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കരസേന. പ്രധാനമന്ത്രി സന്ദര്‍ശിച്ച ലേയിലെ ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അപകീര്‍ത്തികരവും അടിസ്ഥാന രഹിതവുമാണെന്ന് കരസേന വ്യക്തമാക്കി. ഇന്ത്യൻ സെെനികര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും പ്രധാനമന്ത്രി സന്ദര്‍ശിച്ചതായി കാണിക്കുന്ന ഹാള്‍ കോവിഡിനെ തുടര്‍ന്ന് വാര്‍ഡാക്കി മാറ്റിയതാണെന്നും സെെന്യം അറിയിച്ചു. 100 കിടക്കകൾ കൂടി ചേർത്ത് അടിയന്തര സാഹചര്യത്തിൽ വിപുലീകരിച്ച ആ വാർഡ് ജനറൽ ആശുപത്രി സമുച്ചയത്തിന്‍റെ ഭാഗം ആണെന്ന് സേന വിശദീകരിക്കുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി പ്രത്യേക ചികിത്സാകേന്ദ്രം തയ്യാറാക്കിയതാണെന്ന പ്രചാരണം ദുഷ്ടലാക്കോടെ ഉളളതാണെന്നും ധീരരായ ജവാന്മാരോടുളള ഇത്തരത്തിലുളള ദുഷ്പ്രചാരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും സേന വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സംയുക്തസേനാ മേധാവി ബിപിൻ റാവത്തും കരസേനാ മേധാവി എംഎം നരവാനെയും ഇവിടെ തന്നെയാണ് സന്ദര്‍ശനം നടത്തിയെതെന്നും കരസേന വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രിയുടെ ലഡാക് സന്ദര്‍ശനം. ഗാല്‍വാന്‍ ആക്രമണത്തില്‍ പരിക്കേറ്റ സെെനികരെ ആശുപത്രിയിലെത്തി കണ്ടിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് ആരോപണങ്ങളും ഉയര്‍ന്നത്.