ലണ്ടന്‍: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി ഇംഗ്ലണ്ട്. ഇന്ന് മുതല്‍ റസ്‌റ്റോറന്‍റുകള്‍, പബ്ബുകള്‍, ഹെയര്‍ സലൂണുകള്‍ എന്നിവ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. മൂന്ന് മാസത്തിനു ശേഷമാണ് രാജ്യത്ത് ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇളവുകള്‍ ദുരുപയോഗം ചെയ്ത് കോവിഡിന്‍റെ രണ്ടാംഘട്ട സമൂഹവ്യാപനത്തിന് ഇടയാക്കരുതെന്നും അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വേനല്‍ക്കാലം സുരക്ഷിതമായി ആസ്വദിക്കുവെന്നാണ് തന്‍റെ സന്ദേശം എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സൂപ്പര്‍ സ്റ്റാര്‍ഡേ എന്ന് വിളിക്കപ്പെടുന്ന 0500ജിഎംടിയില്‍ നിന്നാണ് പബ്ബുകള്‍ സേവനം ആരംഭിക്കുന്നത്. പബ്ബുകള്‍ റസ്റ്റോറന്‍റുകള്‍, ഹെയര്‍ സലൂണുകള്‍ മറ്റു തൊഴില്‍ മേഖലകളെല്ലാം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനായി നിയന്ത്രണങ്ങളോട് കൂടിയ തയ്യാറെടുപ്പുകള്‍ എടുത്തു കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളോടു കൂടിയ ഇളവുകളാണ് ഗവണ്‍മെന്‍റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.