Web Desk
ഇ- മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇ- മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരുമായി ധാരണപത്രം ഒപ്പിട്ടെന്ന് സ്വിസ് കമ്പനിയായ ഹെസ് അവരുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുമ്പോള്‍ അത് നിഷേധിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇങ്ങനെ ഒരു ധാരണപത്രം ഉണ്ടോയെന്ന് മുഖ്യമന്ത്രി അടിയന്തരമായി വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് ബസ് പദ്ധതിക്കായി 2019 ജൂണ്‍ 29 ന് ധാരണാപത്രം ഒപ്പിട്ടെന്നാണ് ഹെസിന്‍റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്. ഗതാഗത സെക്രട്ടറിയുടെ ചിത്രവും ഈ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതിനെ കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മുല്ലപ്പള്ളി അവശ്യപ്പെട്ടു.
‘അടിമുടി ദുരൂഹത നിറഞ്ഞതാണ് ഈ മൊബിലിറ്റി കരാര്‍. 4500 കോടി മുതല്‍ 6000 കോടി രൂപവരെ ചെലവു വരുന്ന 3000 ബസ്സുകള്‍ നിര്‍മ്മിക്കാനുള്ള ഈ പദ്ധതിയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ധനകാര്യവകുപ്പും ചീഫ് സെക്രട്ടറിയും രംഗത്ത് വന്നിരുന്നു. ഹെസ് കമ്പനിയെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്നത് ഒരു ദുരൂഹതയായി നിലനില്‍ക്കുന്നു. ഈ ഇടപാടിനായി ഒരു ആഗോള ടെണ്ടര്‍ വിളിച്ചിട്ടേയില്ല. ഇങ്ങനെയൊരു ഇടപാടിനെ കുറിച്ച് ഗതാഗതമന്ത്രിക്ക് ഒരു അറിവുമില്ല.ബന്ധപ്പെട്ട വകുപ്പുകളെയെല്ലാം നോക്കുകുത്തിയാക്കിയാണ് മുഖ്യമന്ത്രി ഏകപക്ഷീയമായി പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ഗതാഗതവകുപ്പില്‍ ഒരു മന്ത്രിയുണ്ടെന്നത് പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ല’ – മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതിനാല്‍ ഇ -മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തെ സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം