കോവിഡ് കാലത്ത് നല്‍കിയ ഇളവുകള്‍ അവസാനിച്ചു എമിഗ്രേഷന്‍ നിയമം കര്‍ശനമാക്കും.
റസിഡന്‍സ് പെര്‍മിറ്റ് റദ്ദാകാതിരിക്കാന്‍ ഒക്ടോബര്‍ 31 നകം മടങ്ങിയെത്തണം
കുവൈത്ത് സിറ്റി : രാജ്യത്തിനു പുറത്ത് പോയി തുടര്‍ച്ചയായി ആറു മാസം കഴിഞ്ഞാല്‍ താമസ വീസ റദ്ദാകുമെന്ന് കുവൈത്ത് അധികൃതര്‍ അറിയിച്ചു. പ്രവാസികള്‍ ഒക്ടോബര്‍ 31 നകം തിരികെ മടങ്ങിയെത്തണമെന്നും ഇല്ലെങ്കില്‍ താമസ വീസ റദ്ദാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പലരും താമസ വീസയിലെത്തിയ ശേഷം നാട്ടില്‍ ചെന്ന് ഓണ്‍ലൈനായും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ആറുമാസത്തിലേറെക്കാലം രാജ്യത്തിന് പുറത്ത് താമസിച്ചാല്‍ താമസ വീസ റദ്ദാകും.
2022 മെയ് മുതല്‍ ആറു മാസക്കാലം കണക്കാക്കിയാണ് ഒക്ടോബര്‍ 31 ന് മുമ്പ് മടങ്ങിയെത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മെയ് ഒന്നിനും അതിനു മുമ്പുമായി രാജ്യത്തിനു പുറത്തു പോയവര്‍ ഒക്ടോബര്‍ 31 നകം മടങ്ങിയെത്തിയില്ലെങ്കില്‍ താമസ വീസ റദ്ദുചെയ്യപ്പെടും.
ആശ്രിതവീസയില്‍ കഴിയുന്നവര്‍ക്കും നിയമം ബാധകമാണ്. ഈ നിയമം കര്‍ശനമായി നടപ്പിലാക്കത്തതിനെ തുടര്‍ന്ന് പലരും ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടു ലഭിച്ചതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
കോവിഡ് കാലത്ത് ഇളവു പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന പലരും വര്‍ക്ക് അറ്റ് ഹോം എന്ന തൊഴില്‍ സൗകര്യം ഉപയോഗിച്ച് രാജ്യത്തിന് പുറത്ത് താമസിക്കുന്നത്. എന്നാല്‍, ഇളവുകള്‍ ഇനി ബാധകമായിരിക്കില്ലെന്നാണ് ആഭ്യന്തര വകുപ്പ് അറിയിക്കുന്നത്.