ബിസിനസ് പങ്കാളിയേയും വനിതാ മാനേജരേയും ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ കൊലപ്പെടുത്തുന്നത് മുഖ്യസൂത്രധാരനായ ഷൈബിന്‍ നാട്ടിലിരുന്ന് വീഡിയോ കോളിലൂടെ കണ്ടു
കോഴിക്കോട് : അബുദാബിയില്‍ രണ്ട് പ്രവാസികളുടെ കൊലപാതകം നടത്തിയത് മുഖ്യ ആസൂത്രകനായ ഷൈബിന്‍ അഷ്‌റഫ് നാട്ടില്‍ ഇരുന്ന് വീഡിയോ കോളിലൂടെ ലൈവായി കണ്ടെന്ന് വെളിപ്പെടുത്തല്‍.
മൈസൂരിലെ നാട്ടു വൈദ്യനെ നിലമ്പൂരില്‍ കൊണ്ടു വന്ന് ഒന്നര വര്‍ഷക്കാലം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി നുറുക്കി പുഴയില്‍ ഒഴുക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയായ ഷൈബിന്‍ അബുദാബിയിലെ ഇരട്ടക്കൊലപാതകത്തിന്റേയും ആസൂത്രകനാണെന്നും തെളിവില്ലാതെ കൊലാപതകം അതിവിദഗ്ദ്ധമായി നടത്തുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം ക്വട്ടേഷന്‍ സംഘത്തെ ചോദ്യം ചെയ്തതു വഴി തെളിഞ്ഞിരുന്നു.
തന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് കുന്നമംഗലം സ്വദേശി ഹാരിസിനേയും ഷൈബിന്റെ കമ്പനി മാനേജരും ചാലക്കുടി സ്വദേശിനിയുമായ ഡെന്‍സിയേയും അബുദാബിയിലെ ഫ്‌ളാറ്റില്‍ വെച്ചാണ് കൊലപ്പെടുത്തയത്.
ക്വട്ടേഷന്‍ സംഘത്തിലെ അജ്മല്‍, ഷഫീഖ്, ഹബീബ് എന്നിവര്‍ പോലീസിന്റെ പിടിയിലായിരുന്നു. ഇവരാണ് അബുദാബിയിലെ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്.
മയക്കു മരുന്നു കേസ് ഉള്ളതിനാല്‍ ഷൈബിന് അബുദാബിയില്‍ ചെല്ലാന്‍ വിലക്കുണ്ടായിരുന്നു. തന്നെ ഒറ്റു കൊടുത്തത് ബിസിനസ് പങ്കാളിയായ ഹാരിസായിരുന്നുവെന്ന് സംശയിച്ചാണ് ഇയാളെ കൊലപ്പെടുത്താന്‍ ഷൈബിന്‍ തീരുമാനിച്ചത്.
ഇതിനൊപ്പം ഇവരുടെ കമ്പനി മാനേജരായിരുന്ന ഡെന്‍സിയെയും കൊലപ്പെടുത്തി. ഇതിനായി ക്വട്ടേഷന്‍ സംഘത്തെ ചാര്‍ട്ടേഡ് വിമാനത്തിലാണ് ഷൈബിന്‍ അബുദാബിയിലെത്തിച്ചത്.
ഇവരെ ഹാരിസ് താമസിക്കുന്ന ഫ്‌ളാറ്റിനു സമീപം തന്നെ താമസിപ്പിച്ചു. സിസിടിവി കവറേജ് ഇല്ലാത്ത ഭാഗത്തു കൂടി ഹാരിസിന്റെ ഫ്‌ളാറ്റില്‍ പ്രവേശിക്കുകയും ഇതിനായി മാനേജരായിരുന്ന യുവതിയെ ഉപയോഗിക്കുകയും ചെയ്തു. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ നാട്ടിലിരുന്ന് ഷൈബിന്‍ പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസിനെ കൊണ്ട് ബലമായി യുവതിയെ മര്‍ദ്ദിക്കുകയും കഴുത്തു ഞെരിപ്പിക്കുകയും ചെയ്തു.
മുറിയിലിരുന്ന ആപ്പിളില്‍ കടിപ്പിക്കുകയും പിന്നീട് മദ്യം വായില്‍ ഒഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഹാരിസിന്റെ കൈ ഞരമ്പ് മുറിച്ച ശേഷം കുളിമുറിയില്‍ തള്ളുകയായിരുന്നു.
കൈകള്‍ ബന്ധിച്ചാണ് ഹാരിസിനെ വകവരുത്തിയത്. ചോരയില്‍ മുങ്ങിയ ഇടത്ത് നിന്ന് ഹാരിസിന്റെ ചെരിപ്പ് ധരിച്ച ക്വട്ടേഷന്‍ സംഘാഗം മുറിയിലാകേ നടക്കുകയും മറ്റും ചെയ്തു.
2020 മാര്‍ച്ച് അഞ്ചിനാണ് ഹാരിസിനേയും മനേജരായ ഡെന്‍സിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അബുദാബി പോലീസ് കേസ് അന്വേഷിച്ചെങ്കിലും ഹാരിസ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.
സംഭവത്തെക്കുറിച്ച് ആരും പരാതിപ്പെടാതിരുന്നതിനാലും സംശയം തോന്നാതിരുന്നതിനാലും കേസ് ക്ലോസ് ചെയ്തിരുന്നു.
ഇരട്ട കൊലപാതകങ്ങള്‍ മറച്ചുവെയ്ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷൈബിന്‍ കഴിഞ്ഞിരുന്നത്. നേരത്തെ, ഒറ്റമൂലി നാട്ടുചികിത്സ വൈദ്യനെ കൊലപ്പെടുത്തിയതും പുറം ലോകമറിഞ്ഞിരുന്നില്ല.
ഇതിനിടെ, കോഴിക്കോട് സ്വദേശിയും വടംവലി ജേതാവുമായ അനീഷിന്റെ മരണത്തിലും ദുരൂഹതയുള്ളതിനാല്‍ ഈ വഴിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
ഷൈബിന്റെ വടംവലി ടീമിനെ അനീഷിന്റെ ടീം പരാജയപ്പെടുത്തിയതിന്റെ വൈരാഗ്യത്താലാണ് അനീഷിനെ വകവരുത്തിയതെന്ന് പറയപ്പെടുന്നു.
കൂട്ടാളികളായ മറ്റു പ്രതികള്‍ പ്രതിഫലത്തെച്ചൊല്ലി ഷൈബിനുമായി തര്‍ക്കത്തിലാകുകയും ഇവരേയും കൊല്ലുമെന്ന് ഷൈബിന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ ആത്മഹത്യാഭീഷണിമുഴക്കി പെന്‍ഡ്രൈവ് പോലീസിന് കൈമാറുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷൈബിനാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് തെളിയുകയായിരുന്നു.
ഓട്ടോ ഡ്രൈവറായിരുന്ന ഷൈബിന്‍ ഇടക്കാലം കൊണ്ടാണ് കോടികളുടെ ആസ്തിയുണ്ടാക്കിയത്. ഗള്‍ഫില്‍ ബിസിനസ് ആണെന്ന് മാത്രമാണ് അടുത്തുള്ളവര്‍ക്കു പോലും അറിയാവുന്നത്. എന്നാല്‍, എന്ത് ബിസിനസാണ് നടത്തുന്നതെന്ന് ഇയാള്‍ ആരോടും വെളിപ്പെടുത്തിയിരുന്നില്ല.












