ബലിപ്പെരുന്നാള്‍ അവധി ദിനങ്ങളില്‍ വിനോദയാത്രയ്ക്ക് ഒരുങ്ങിയവര്‍ക്ക് വീടുകളില്‍ കഴിയേണ്ടി വന്നു
മസ്കത്ത് : രാജ്യത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികള്‍ അടച്ചു. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അഥോറിറ്റിയാണ് ഈ തീരുമാനം എടുത്തത്.
ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് പൊതു അവധിയായതിനാല്‍ പലരും വിനോദ യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നു. പ്രവാസി കുടുംബങ്ങളും ഇത്തരത്തില്‍ യാത്ര മാറ്റിവെച്ച് വീടുകളില്‍ തന്നെ കഴിഞ്ഞു കൂടി.
പലയിടങ്ങളിലും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും അവഗണിച്ച് നിരവധി പേര്‍ അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തുന്നതിന്നിടെയാണ് അധികാരികളുടെ നടപടി.
ഒമാനില്‍ മിക്കയിടങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
റോഡ് ഗതാഗതം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ജലാന്‍ ബാനി ബു അലി വിലയാത്തില്‍ കുടിവെള്ള വിതരണ ശൃംഖലയ്ക്ക് തടസ്സം നേരിട്ടുണ്ട്.
മഴയുള്ള സമയങ്ങളില്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും വാഹനങ്ങളുമായി വാദികള്‍ ഉള്ള ഇടങ്ങളിലേക്ക് പോകരുതെന്നും , ബീച്ചുകളില്‍ കുളിക്കാനിറങ്ങരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.