വിദേശ കാര്യ മന്ത്രാലയത്തിൽ സാങ്കേതിക തകരാർ: അറ്റസ്റേഷൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനു കാല താമസം നേരിടുന്നു.
കുവൈറ്റ് സിറ്റി : സാങ്കേതിക തകരാറിനെ തുടർന്ന് അറ്റസ്റ്റേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനു കാല താമസം നേരിടുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ കാര്യങ്ങൾക്കായുള്ള ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി കൗൺസിലർ മിഷാൽ അൽ മുദാഫ് വ്യക്തമാക്കി.
റവന്യൂ സ്റ്റാമ്പ് മെഷീനുകളിലും കെ. നെറ്റ് ഉപകരണങ്ങളിലും സംഭവിച്ച സാങ്കേതിക തകരാർ മൂലമാണു അറ്റസ്റ്റേഷൻ ഇടപാടുകൾ പൂർത്തിയാക്കുന്നതിനു കാലതാമസം നേരിടുന്നതെന്നും അദ്ദേഹം അറിയിച്ചു. സാങ്കേതിക തകരാറുകൾ പരിഹരിച്ച് പ്രവർത്തനം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ ഈ സേവനത്തിന്റെ ഉത്തരവാദിത്തമുള്ള കമ്പനിയുമായി മന്ത്രാലയം ശ്രമം നടത്തിയെങ്കിലും ഇത് വരെ പരിഹരിക്കപ്പെട്ടിട്ടില്ല.
ഉപഭോക്താക്കൾക്ക് കാല താമസം നേരിടുന്നത് ഒഴിവാക്കുവാൻ ആവശ്യമായ മറ്റു ബദൽ മാർഗ്ഗങ്ങൾ പ്രയോഗിക്കുവാൻ ധന മന്ത്രാലയവുമായി ധാരണയിൽ എത്തിയതായും അദ്ദേഹം അറിയിച്ചു. വിവിധ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദിവസേന ആയിരക്കണക്കിന് പ്രവാസികൾ ഇടപാടുകൾ നടത്തുന്ന വിഭാഗത്തിലാണു സാങ്കേതിക തകരാർ ഉണ്ടായിരിക്കുന്നത്.













