പ്രോട്ടോക്കോള്‍ മറികടന്ന് വിമാനത്താവളത്തില്‍ നേരിട്ടെത്തി യുഎഇ പ്രസിഡന്റ്
അബുദാബി : യുഎഇയില്‍ ഏകദിന സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്‍. മണിക്കൂറുകള്‍ നീണ്ട സന്ദര്‍ശനത്തിനു ശേഷം നരേന്ദ്ര മോദി മടങ്ങിയപ്പോഴും വിമാനത്താവളത്തില്‍ യാത്രയയ്ക്കാനും അദ്ദേഹം എത്തിയത് ഏറെ പ്രാധാന്യത്തോടെയാണ് നയതന്ത്ര നിരീക്ഷകര്‍ കാണുന്നത്.
ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത് ഇന്ത്യയിലേക്ക് മടങ്ങവെയാണ് മോദി യുഎഇയില്‍ എത്തിയത്.
പ്രോട്ടോക്കോള്‍ മറികടന്ന് ഷെയ്ഖ് മുഹമദ് നേരിട്ട് വിമാനത്താവളത്തില്‍ എത്തി മോദിയെ സ്വീകരിക്കുകയായിരുന്നു.
വിമാനം ഇറങ്ങിവന്ന മോദിയും കാത്തുനിന്ന ഷെയ്ഖ് മുഹമദും പരസ്പരം ഗാഢം പുണര്‍ന്നു. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ നാലാമത്തെ യുഎഇ സന്ദര്‍ശനമാണിത്.
യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ വേര്‍പാടില്‍ ഇന്ത്യന്‍ ജനതയുടേയും സര്‍ക്കാരിന്റേയും അനുശോചനം മോദി നേരിട്ട് അറിയിച്ചു. പ്രസിഡന്റ് പദവി ഏറ്റെടുത്ത ഷെയ്ഖ് മുഹമദിനെ അഭിനന്ദിക്കുകയും ചെയ്തു.
വിമാനത്താവളത്തില്‍ അബുദാബി രാജകുടുംബാംഗങ്ങളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് താഹനുന് ബിന്‍ സായിദ് അല്‍ നഹിയാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹിയാന്‍, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹിയാന്‍,വിദേശ കാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹിയാന്‍, എന്നിവരും വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
യുഎഇയും ഇന്ത്യയും തമ്മില്‍ സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവെച്ച ശേഷം ഇതാദ്യമായാണ് ഇരു രാഷ്ട്രത്തലവന്മാരും നേരിട്ട് കാണുന്നത്.












