അറബ് വംശജയായ യുവതി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്നിടെ പരിക്കേറ്റ് ഗുരുതര നിലയില്‍ ചികിത്സയിലാണ്
അബുദാബി : എല്‍പിജി കേന്ദ്രീകൃത സ്റ്റോറേജില്‍ പാചകവാതകം നിറയ്ക്കുന്നതിന്നിടെ തീപിടിത്തമുണ്ടായി മൂന്നു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ യുവതിക്ക് ആദരം.
യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ അലി സാഈദ് അല്‍ നിയാദി അറബ് വംശജയായ ഇമാന്‍ അല്‍ സഫഖ്‌സിയെ ആശുപത്രിയില്‍ ചെന്ന് കണ്ടാണ് രാജ്യത്തിന്റെ ആദരവ് അറിയിച്ചത്.
തിപിടിത്തത്തിനിടെ രക്ഷാപ്രവര്‍ത്തനം നടത്തിയ ഇവര്‍ക്ക് സാരമായ പൊള്ളലേല്‍ക്കുകയായിരുന്നു. ഇവര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്.
ഇമാന്റെ ആരോഗ്യ സ്ഥിതി നേരിട്ടെത്തി അന്വേഷിച്ച അലി സാഈദ് ബന്ധുക്കളേയും ചികിത്സിക്കുന്ന ഡോക്ടര്‍മാരേയും സന്ദര്‍ശിച്ച് ആശയവിനിമയം നടത്തി. ഇമാന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
മെയ് 23 ന് അബുദാബി അല്‍ ഖാലിദിയയിലെ റെസ്റ്റൊറന്റിലെ കേന്ദ്രീകൃത പാചകവാതക സ്റ്റോറേജില്‍ പാചക വാതകം നിറയ്ക്കുന്നതിന്നിടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു.
രണ്ട് മലയാളികളും ഒരു പാക് പൗരനും അപകടത്തില്‍ മരണമടഞ്ഞു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. ഇവരില്‍ പലരും ചികിത്സയിക്ക് ശേഷം ആശുപത്രി വിട്ടു.
അപകട സമയത്ത് ഇമാന്‍ ആളുകളെ ഒഴിപ്പിക്കാന്‍ സഹായിക്കുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് കുടിവെള്ളം നല്‍കുകയും നനഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിച്ച് പൊള്ളലേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നടത്തുകയും ചെയ്യുന്നതിനിടെ രണ്ടാമതും സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. ഈ സമയത്താണ് ഇമാന് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. മെച്ചപ്പെട്ട ചികിത്സയെ തുടര്‍ന്ന് ഇവര്‍ ആരോഗ്യ നില വീണ്ടെടുത്തു വരികയാണ്.












