കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷം നാട്ടില്‍ പോവാത്തവരുടെ തിരക്ക്
ദുബായ് : വേനലവധിക്ക് സ്കൂളുകള്‍ അടയ്ക്കുന്നതും ബക്രീദ് വാരാന്ത്യം എന്നിവ എത്തുന്നതിനാലും വിമാനത്താവളങ്ങളില്‍ അടുത്ത പത്തു ദിവസം വന്‍ തിരക്ക് അനുഭവപ്പെടുമെന്ന് വിലയിരുത്തല്‍.
തിരക്ക് മുന്നില്‍ കണ്ട് യാത്രചെയ്യുന്നവര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യണമെന്നും സുരക്ഷാ എമിഗ്രേഷന്‍ എന്നിവയ്ക്കായി നാലു മണിക്കൂര്‍ മുന്നേ എത്തണമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
സുരക്ഷാ പരിശോധനയ്ക്കും എമിഗ്രേഷന്‍ നടപടികള്‍ക്കും ഏറെ സമയം എടുക്കാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ യാത്രക്കാരുടെ വലിയ ക്യൂവുണ്ടാകുമെന്നും കരുതുന്നു.
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി നാട്ടില്‍ പോവാത്ത കുടുംബഗങ്ങളും ബാച്ലറായി കഴിയുന്നവരും ഇപ്പോഴാണ് നാട്ടിലേക്ക് പോകുന്നത്.
പലരും വന്‍ തുക മുടക്കിയാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. ഒരു ദിശയിലേക്കുള്ള യാത്രയ്ക്ക് സാധാരണ 300-400 ദിര്‍ഹമാണ് ഈടാക്കുന്നതെങ്കില്‍ തിരക്കേറിയതിനാല്‍ 1500 ദിര്‍ഹം വരെ നല്‍കിയാണ് ബജറ്റ് എയര്‍ലൈനില്‍ പോലും പലരും ടിക്കറ്റ് എടുത്തത്.
എമിറേറ്റ്, ഇത്തിഹാദ് പോലുള്ള വിമാനക്കമ്പനികള്‍ രണ്ടായിരത്തിലേറെ ദിര്‍ഹം ഈടാക്കുന്നുമുണ്ട്.
വേനലവധി തുടങ്ങും മുമ്പ് തന്നെ വിമാനയാത്രയ്ക്ക് തിരക്കേറിയിട്ടുണ്ട്. ജൂണ്‍ 24 നും ജൂലായ് നാലിനും ഇടയില്‍ 24 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബായ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ജൂലായ് എട്ടിന് ബക്രീദ് അവധിയും വാരാന്ത്യ അവധിയും വരുന്നതിനാല്‍ ആ സമയത്തും കൂടുതല്‍ യാത്രക്കാര്‍ എത്തും.
തിരക്ക് നേരിടാന്‍ സകല വിധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് വിമാനത്താവള അഥോറിറ്റി അറിയിച്ചു.