പ്രവാസികളുടെ ഭൂമി, വീട് സംബന്ധിച്ച വിഷയങ്ങളില്‍ പ്രശ്‌ന പരിഹാരം പ്രവാസ നാട്ടില്‍ വെച്ച്തന്നെ
ദുബായ് : കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നാട്ടിലെ ഭൂമി, വീട് തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ആറു മാസത്തിലൊരിക്കല്‍ അദാലത്ത് നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.
നാട്ടിലെ പ്രശ്‌നം പരിഹരിക്കാന്‍ ചെലവേറെ ചെയ്ത് വിമാന യാത്ര നടത്തേണ്ടതില്ലെന്നും യുഎഇയില്‍ ഇരുന്നു തന്നെ പ്രശ്‌ന പരിഹാരം കാണാനാകുമെന്നും മന്ത്രി അറിയിച്ചു.
റവന്യൂ മന്ത്രിയും ഉദ്യോഗസ്ഥരും യുഎഇയിലെത്തി പ്രവാസികളുടെ പരാതികള്‍ പരിഹരിക്കുകയാണ് ലക്ഷ്യം.
റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത് പരിഹരിക്കാന്‍ നാട്ടിലേക്ക് എത്തേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
വര്‍ഷത്തില്‍ ഒരിക്കല്‍ ലഭിക്കുന്ന ഒഴിവുകാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട സാഹചര്യവും ഒഴിവാകും. മന്ത്രിയും ഉദ്യോഗസ്ഥരും യുഎഇയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് വരണമെങ്കില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.
മറ്റൊരു രാജ്യത്ത് നയതന്ത്ര ഓഫീസ് ഉള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഔദ്യോഗികമായി ഇത്തരം പരിപാടികള്‍ നടത്താന്‍ അനുമതി ലഭിക്കുമോ എന്നതും പരിശോധിക്കേണ്ടതുണ്ട്.
ഇത്തരം അനുമതികള്‍ ലഭിക്കാതെ വരുന്ന അവസരത്തില്‍ ഓണ്‍ലൈന്‍ അദാലത്തിന് അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
ആധാരത്തില്‍ കൂടുതല്‍ ഭൂമി കൈവശം ഉണ്ടെങ്കില്‍ അതിന് തീര്‍പ്പുണ്ടാക്കാനായി സെറ്റില്‍മെന്റ് നിയമം കൊണ്ടുവരും. ഡിജിറ്റല്‍ റീ സര്‍വ്വേ പൂര്‍ത്തിയാവുന്നതോടെ ഇത് നടപ്പിലാകും.
ഭൂപരിഷ്‌കരണ നിയമം കാലോചിതമായി പരിഷ്‌കരിക്കും., അധിക ഭൂമിക്ക് സാധുത നല്‍കുന്ന സെറ്റില്‍മെന്റ് നിയമം ഉടനെ പാസാക്കുമെന്നും മന്ത്രി പറഞ്ഞു.