യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വരും ദിവസങ്ങളില്‍ കരുതല്‍ വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
അബുദാബി : ഗള്‍ഫ് മേഖലയില്‍ വരും ദിവസങ്ങളില്‍ ഉഷ്ണക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
താപനില അമ്പതു ഡിഗ്രി വരെ ഉയരാനും ഇത് മൂലം കടലില്‍ നിന്ന് ചക്രവാതച്ചുഴി ഉയരാനും ഇത് കരയിലേക്ക് എത്തുമ്പോള്‍ ഉഷ്ണക്കാറ്റായി വീശാനും സാധ്യതയുണ്ട്.
അന്തരീക്ഷത്തില്‍ താപനിലയ്‌ക്കൊപ്പം ഈര്‍പ്പവും വര്‍ദ്ധിക്കും. ഇതാണ് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയൊരുക്കുന്നത്.
ഒമാന്‍ പോലുള്ള മേഖലകളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ഷഹീന്‍ ചുഴലിക്കാറ്റു പോലെ ഇക്കൊല്ലവും പ്രതീക്ഷിക്കാം. #
അറബിക്കടലില്‍ അത്യുഷ്ണം ഉണ്ടാകുന്നത് അപകടകരമായ നിലയിലേക്കാണ് എത്തുന്നത്. ഇത്തരം ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം അഞ്ചു ബില്യണ്‍ യുഎസ് ഡോളറിന്റെ നാശനഷ്ടമാണ് ആളപായത്തോടൊപ്പം ഉണ്ടായത്.
ഒമാനില്‍ പതിനാലു പേരാണ് ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരണമടഞ്ഞത്. തീരങ്ങളില്‍ തിരമാലയുടെ ശക്തിയും വര്‍ദ്ധിക്കും. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അപകടകരമായ സ്ഥിതിവിശേഷമാണ് ഇത് വരുത്തിവെയ്ക്കുക.
ഗള്‍ഫ് മേഖലയിലെ ചുഴലിക്കാറ്റിനേയും ഉഷ്ണതരംഗത്തേയും കുറിച്ച് ഖലീഫ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.











