ഉത്തര്‍പ്രദേശില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് 1993 ല്‍ കുടിയേറിയ ഗുപ്ത കുടുംബം അവിടെ വന്‍ ബിസിനസ് സാമ്രാജ്യമാണ് പടുത്തുയര്‍ത്തിയത് . ഇവരുടെ പേരിലുള്ള സഹാറ കംപ്യൂട്ടേഴ്സ് എന്ന സ്ഥാപനം രണ്ട് ദരശകങ്ങള് കൊണ്ട് ശതകോടികള്‍ ഉണ്ടാക്കി.
ദുബായ് : ദക്ഷിണാഫ്രിക്കയില്‍ അഴിമതി നടത്തി കള്ളപ്പണം വെളുപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളികളായ ഗുപ്ത സഹോദരന്മാരെ ദുബായ് പോലീസ് അറസ്റ്റു ചെയ്തു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ നിന്ന് ശതകോടിക്കണക്കിന് ഡോളര്‍ കടത്തിയെന്ന കേസിലാണ് അറസ്റ്റ്.
ഉത്തര്‍പ്രദേശില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് 1993 ല്‍ കുടിയേറിയ ഗുപ്ത കുടുംബം അവിടെ വന്‍ ബിസിനസ് സാമ്രാജ്യമാണ് പടുത്തുയര്‍ത്തിയത് . ഇവരുടെ പേരിലുള്ള സഹാറ കംപ്യൂട്ടേഴ്സ് എന്ന സ്ഥാപനം രണ്ട് ദരശകങ്ങള് കൊണ്ട് ശതകോടികള്‍ ഉണ്ടാക്കി.
ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായുള്ള അടുപ്പം മുതലാക്കി രാജ്യത്തെ വന്‍കിട കമ്പനികളില്‍ നിന്ന് കരാറുകള്‍ സ്വന്തമാക്കിയാണ് അതുല്‍ ഗുപ്തയും രാജേഷ് ഗുപ്തയും തട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദക്ഷിണാഫ്രിക്കയില്‍ നിന്നും മുങ്ങിയ ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ദുബായ് പോലീസ് ഇവരെ പിടികൂടിയത്.
ദക്ഷിണാഫ്രിക്കയും യുഎഇയും തമ്മില്‍ 2018 ല്‍ ഒപ്പുവെച്ച കുറ്റവാളികളെ കൈമാറല്‍ കരാര്‍ അനുസരിച്ചാണ് ഗുപ്ത സഹോദരന്മാരെ അറസ്റ്റ് ചെയ്തത്.
ഉടനെ തന്നെ ഇരുവരേയും ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ക്ക് കൈമാറുമെന്നും ഇതിനുളള നിയമ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ദുബായ് പോലീസ് അറിയിച്ചു.
അജയ് ഗുപ്ത എന്ന ഇവരുടെ മൂത്ത സഹോദരനെ ഇതുവരെ പിടികിട്ടിയിട്ടില്ല. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ നോട്ടീസ് ഇല്ലെന്നാണ് സൂചന.
ഇവരുടെ ഭാര്യമാരെ പടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ പോലീസിന്റെ അഭ്യര്‍ത്ഥന ഇന്റര്‍പോള്‍ നിരസിച്ചു.
ദക്ഷിണാഫ്രിക്കയില്‍ ഗുപ്ത സഹോദരന്മാര്ക്കെതിരെ 320 കോടി യുഎസ് ഡോളറിന്റെ തട്ടിപ്പാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്.
2018 മുതല്‍ യുഎഇയില്‍ താമസിക്കുകയാണ് ഗുപ്ത സഹോദരന്മാര്, അന്നു മുതല്‍ ഇവരെ തിരികെ ദക്ഷിണാഫ്രിക്കയില്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം. ഇതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിന് കരാര്‍ ഒപ്പിട്ടത്. യുഎസും. യുകെയും ഇവര്‍ക്കെതിരെ വിസ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2018 ല്‍ ജേക്കബ് സുമ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് ഗുപ്ത സഹോദരങ്ങള്‍ ദക്ഷിണാഫ്രിക്ക വിട്ടത്.