ഇരുപതു വര്‍ഷത്തിലേറെയായി ഇ11 ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന റഷ്യന്‍ ചരക്കുവിമാനം പൊളിച്ചുവില്‍ക്കുന്നു
ഉമ്മല്‍ഖ്വയിന്‍ : സോവിയറ്റ് കാലഘട്ടത്തിലെ റഷ്യന്‍ വ്യോമസേനയുടെ ചരക്കു വിമാനമായിരുന്ന ഇല്യൂഷിന് 11-76 ആണ് ഉമ്മല്‍ഖ്വയിനിലെ ബാരാക്കുട റിസോര്‍ട്ടിനു സമീപം ഇ11 ഹൈവേയിലുടെ യാത്ര ചെയ്യുന്നവരുടെ കാഴ്ചയെ ആകര്‍ഷിക്കുന്ന വിധം കിടന്നിരുന്നത്.
ഈ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഒരുപോലെ അമ്പരപ്പും വിസ്മയവും പകരുന്ന കാഴ്ചയായിരുന്നു ഉപേക്ഷിക്കപ്പെട്ട ഈ വിമാനം.
153 അടി നീളമുള്ള നാല് എഞ്ചിന് ചരക്കു വിമാനത്തിനു സമീപം ക്രയിനുകളും ഡീമോളിഷന്‍ യന്ത്രങ്ങളും നിരന്നു കഴിഞ്ഞു. പത്ത് ആഴ്ചകൊണ്ട് വിമാനം പൊളിക്കല്‍ പൂര്‍ത്തിയാകുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സോവിയറ്റ് റഷ്യന്‍ വ്യോമസേനയുടെ ചരക്കു വിമാനമായിരുന്നു ഇത്. 1971 ലാണ് ഈ വിമാനം സേവനം തുടങ്ങിയത്. ടാറിംഗോ, ഉറച്ച പ്രതലമോ ഇല്ലാത്ത റണ്‍വേകളിലും ഈ വിമാനം സോഫ്ട് ലാന്‍ഡിംഗ് നടത്തും. മുപ്പതു മുതല്‍ 90 വരെ യാത്രക്കാരേയും വഹിക്കാവുന്ന ചരക്കു വിമാനം 1991 വരെ സേവനം നടത്തിയിരുന്നു.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം യുഎഇയിലെ ഷാര്‍ജയില്‍ സര്‍വ്വീസ് നടത്തിയിരുന്ന എയര്സെസ്സിന് ഈ വിമാനം കൈമാറ്റം ചെയ്തു.
വിക്ടര്‍ ബൊത് എന്ന കുപ്രസിദ്ധനായ ആയുധ കള്ളക്കടത്ത് കാരനുമായി ബന്ധപ്പെട്ട കമ്പനിയായിരുന്നു എയര്സെസ്സ് . വിക്ടര്‍ ബൊതിന് യുഎഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ഇയാളെ യുഎസ് കോടതി ആയുധകള്ളകടത്തിന് 25 വര്‍ഷം ജയിലില്‍ അടയ്ക്കുകയും ചെയ്തതോടെ വിമാനം യുഎഇയിലെ ഒരു പരസ്യ കമ്പനിക്ക് വിറ്റു.
ഷാര്‍ജയില്‍ നിന്നും ഈ വിമാനം ഉമല്ഖ്വയിനിലേക്ക് പറത്താന്‍ പരിചയസമ്പന്നനായ ഒരു പൈലറ്റിനെ കണ്ടെത്തുകയും ഇയാള്‍ക്ക് 20,000 ഡോളര്‍ പ്രതിഫലം നല്‍കുകയും ചെയ്തു.
നാല് എഞ്ചിനില്‍ മുൂന്നെണ്ണം മാത്രമായിരുന്നു പ്രവര്‍ത്തനസജ്ജമായിരുന്നത്. എന്നിരുന്നാലും സാഹസികനായ പൈലറ്റ് വന്‍ തുക പ്രതിഫലം വാങ്ങി ഉമല്ഖ്വയിനിലെ ബാരാക്കുട റിസോര്‍ട്ടിനു സമീപമുള്ള തുറസ്സായ സ്ഥലത്തെ ചൊരിമണലിലേക്ക് വിമാനം സോഫ്ട്ലാന്‍ഡിംഗ് നടത്തുകയായിരുന്നു.
ഈ ദൃശ്യങ്ങള്‍ യുട്യൂബില്‍ ഇ്പ്പോഴും ലഭ്യമാണ്. ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ വിമാനം ഉമ്മല്ഖ്വയിനില് എത്തിയത്.
ആദ്യ കാലങ്ങളില്‍ വിമാനം പരസ്യ ബോര്‍ഡായി ഉപയോഗിച്ചിരുന്നു. പിന്നീട് ഇതിന്റെ ആകര്‍ഷണീയത കുറഞ്ഞപ്പോള്‍ പരസ്യങ്ങളും നിലച്ചു. തുടര്‍ന്നാണ് വിമാനം പൊളിച്ച് വില്ക്കാന് തീരുമാനിച്ചത്.