കുരങ്ങുപനിക്കെതിരെ പ്രതിരോധം ശക്തമാക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലൊഴികെ മറ്റെവിടേയും രോഗം സ്ഥിരീകരിച്ചിട്ടില്ല.
അബുദാബി : കുരങ്ങുപനിയുടെ പശ്ചാത്തലത്തില്‍ കര്‍ശനമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയില്‍ 29 കാരിക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ചികിത്സയ്ക്കും പ്രതിരോധ കുത്തിവെപ്പിനുമുള്ള പ്രോട്ടോക്കോള്‍ തയ്യാറാക്കി.
ജന്തുജന്യ രോഗങ്ങളില്‍ നിന്ന് പൊതുജനങ്ങളെ രക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍ നിലവിലുണ്ടെങ്കിലും പുതിയ സാഹചര്യം കൂടി കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.
കോവിഡ് 19 പ്രതിരോധവും ചികിത്സയും ഫലപ്രദമായി നടപ്പിലാക്കിയതിന്റെ പരിചയപശ്ചാത്തലത്തില്‍ പുതിയ വെല്ലുവിളികളേയും യുഎഇ നേരിടുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
പുതിയ രോഗങ്ങളെയും അതിന്റെ ഭീഷണികളേയും ഫലപ്രദമായി നേരിടുന്നതിന് യുഎഇ ആരോഗ്യ മന്ത്രാലയവും ഇതര ഏജന്‍സികളും സദാ സജ്ജമാണെന്ന് വിര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ താമസിക്കുന്ന ഏവരും കുരങ്ങുപനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ശരീരത്തില്‍ ചൊറിഞ്ഞ് പൊട്ടുന്നതു പോലെയുള്ള രോഗ ലക്ഷണങ്ങളോ തടിപ്പോ ഉള്ളവരില്‍ നിന്നും അകലം പാലിക്കാനും അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുരങ്ങു പനിയുടെ രോഗ ലക്ഷണങ്ങള്‍ രണ്ട് മുതല്‍ നാലാഴ്ച വരെ നീണ്ടു നില്‍ക്കും. ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ചാല്‍ താല്‍ക്കാലിക ശമനം ലഭിക്കുമെന്നും ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടനെ തന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും വിദഗ്ദ്ധര്‍ അറിയിച്ചു.
ചിക്കന്‍ പോക്‌സിനുള്ള പ്രതിരോധ മരുന്നിന്റെ മൂന്നാം തലമുറ മരുന്ന് ഇതിനായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, ഈ പ്രതിരോധ മരുന്ന് സുലഭമായി ലഭിക്കുന്നില്ല.
യുഎഇയെ കൂടാതെ ഒമാന്‍, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും കുരങ്ങു പനിക്കെതിരെ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒമാനില്‍ കുരങ്ങു പനിക്കെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മങ്കിപോക്‌സ് അഥവാ കുരങ്ങു പനി പടിഞ്ഞാറന്‍, മധ്യാഫ്രിക്കയില്‍ 1950 മുതല്‍ കണ്ടുവരുന്ന ഒരു സാംക്രമിക രോഗമാണ് ഇരുപതിലധികം രാജ്യങ്ങളില്‍ ഈ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.












