പ്രവാസികള്‍ക്കും സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്കും ഇനി മുതല്‍ ബേസിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. കരട് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
ദോഹ : മഹാവ്യാധിയുടെ കാലത്ത് ഏവര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ഖത്തര്‍ ഭരണകൂടം പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് നയത്തിന് അംഗീകാരം നല്‍കി.
പുതിയ ഇന്‍ഷുറന്‍സ് നിയമം നടപ്പിലാക്കാനുള്ള കരട് ഇന്‍ഷുറന്‍സ് റഗുലേഷന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി.
രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ റഗുലേഷന്‍ സംബന്ധിച്ച 2021 ലെ 22 ാം നമ്പര്‍ നിയമത്തിനുള്ള കരട് നയത്തിനാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍ താനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.
സ്വദേശികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ ചികിത്സ ഉറപ്പു നല്‍കുന്നതാണ് ഈ പുതിയ നിയമം. പ്രവാസികള്‍ക്ക് അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉറപ്പു നല്‍കുന്നു. ഇതിനു പുറമേ, രോഗ പ്രതിരോധം, രോഗശമനം, പാലിയേറ്റിവ്, പുനരധിവാസം എന്നിവയും ഇതിന്റെ പരിധിയില്‍ പെടും.
രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്കും താമസ വീസയിലുള്ളവര്‍ക്കും അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പ്രീമിയം തൊഴിലുടമയും റിക്രൂട്ടര്‍മാരും അടയ്ക്കണം.
സന്ദര്‍ശകര്‍ക്കള്ള അടിസ്ഥാന ആരോഗ്യ പരിരക്ഷയ്ക്കുള്ള പ്രീമിയം സ്‌പോണ്‍സര്‍മാരാണ് അടയ്‌ക്കേണ്ടത്. അടിയന്തരവാശ്യങ്ങള്‍ക്കും അപകടങ്ങള്‍ക്കും ഉള്ള ചികിത്സയും ഇതില്‍ ഉള്‍പ്പെടും.
ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സന്ദര്‍ശക വീസയ്‌ക്കൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സും എടുക്കണം.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളില്‍ നിന്നു മാത്രമേ തൊഴിലുടമകളും റിക്രൂട്ടര്‍മാരും ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കാവു എന്നും മന്ത്രാലയം നിഷ്‌കര്‍ഷ്ച്ചിട്ടുണ്ട്.