പാക് പ്രധാനമന്ത്രിയെ ചോര്‍ ചോര്‍ വിളികളുമായാണ് എതിരേറ്റത്.
പള്ളികവാടത്തില്‍ പ്രതിഷേധിച്ച പാക് പൗരന്മാരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു
റിയാദ് : പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി വിദേശ രാജ്യത്ത് എത്തിയ ഷെഹബാസ് ഷരീഫിനു നേരെ പ്രതിഷേധം.
മൂന്നു ദിവസത്തെ സൗദി സന്ദര്‍ശനത്തിന് എത്തിയ ഷെഹബാസ് ഷെരീഫിനെ മദിനയിലെ മസ്ജിദ് ഇ നബാവിയുടെ കവാടത്തില്‍ കള്ളന്, കള്ളന് എന്ന വിളികളുമായാണ് ചിലര്‍ എതിരേറ്റത്.
ഇതിന്റെ വൈറല്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മസ്ജിദിനു മുന്നില്‍ നൂറുകണക്കിന് പാക് പൗരന്മാരാണ് പ്രതിഷേധവുമായി എത്തിയത്.
പാക് വിവര സാങ്കേതിക വകുപ്പ് മന്ത്രി മറിയം ഔറംഗസേബ്, ദേശീയ അസംബ്ലി അംഗം ഷഹ്സെയിന്‍ ബുഗ്തി എന്നിവരും പാക് പ്രധാനമന്ത്രിക്കൊപ്പം സൗദി സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഉംറ തീര്‍ത്ഥാടനത്തിന് എത്തിയ പ്രധാനമന്ത്രിയെ പുണ്യസങ്കേതമായ ആരാധനലയത്തില്‍ വെച്ച് മുദ്രാവാക്യം വിളികളോടെ പ്രതിഷേധിക്കുകയും അപമാനിക്കുകയും ചെയ്തതിനെതിരെ പലരും രംഗത്തു വന്നിട്ടുണ്ട്.
ഇതിനിടെ പ്രതിഷേധിച്ച ഒരു കൂട്ടം പാക് പൗരന്മാരെ സൗദി പോലീസ് അറസ്റ്റു ചെയ്തു. പുണ്യകേന്ദ്രത്തില്‍ അനുചിതമായ മുദ്രാവാക്യം വിളിച്ച് തീര്‍ത്ഥാടനം അലങ്കോലമാക്കിയെന്നാരോപിച്ചാണ് ഇവരെ പിടികൂടിയത്. തടവു ശിക്ഷയ്ക്ക് ശേഷം ഇവരെ നാടുകടത്തും.
അതേസമയം, സൗദി ഭരണാധികാരികളുമായി സാമ്പത്തിക സഹായം, നിക്ഷേപം എന്നിവ ഉള്‍പ്പടെയുള്ള ഉഭയകക്ഷി വിഷയങ്ങളില്‍ പാക് പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഏപ്രില്‍ മുപ്പതിന് സന്ദര്‍ശനം പൂര്‍ത്തിയാക്കി പാകിസ്ഥാനിലേക്ക് മടങ്ങും.













