കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്
മസ്‌കത്ത് : സ്‌കൂള്‍ ബസ്സുകള്‍ അപകടത്തില്‍പ്പെടുന്നതിനെതിരെ രക്ഷിതാക്കള്‍ പരാതിയും പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഏഴോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രൈവര്‍മാരുടെ അശ്രദ്ധയും അലക്ഷ്യമായ ഡ്രൈവിംഗും മൂലം ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന ട്രക്കിലിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു. ബതിനാ പ്രവിശ്യയിലെ സഹാമയിലാണ് ദുരന്തമുണ്ടായത്.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. റമദാന്‍ നോമ്പു മൂലം ക്ഷീണം തോന്നുമ്പോള്‍ ഡ്രൈവര്‍മാര്‍ വിശ്രമിക്കണമെന്നും വാഹനം ഓടിക്കരുതെന്നും ഡ്രൈവര്‍മാര്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
സ്‌കൂള്‍ ബസ്സുകള്‍ അപകടത്തില്‍ പെടുന്നത് എന്തുവിലകൊടുത്തും ഒഴിവാക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
ഇരുപതു വയസ്സുള്ള ഡ്രൈവര്‍മാരെ സ്‌കൂള്‍ ബസ്സില്‍ നിയമിക്കുന്നത് ഒഴിവാക്കണമെന്നും കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും പരിശീലനം സിദ്ധിച്ചവരെ മാത്രമേ സ്‌കൂള്‍ ഡ്രൈവറായി നിയമിക്കാവുള്ളുവെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.