ലോകം മുഴുവന്‍ ഒരു നഗരത്തിലേക്ക് ചുരുങ്ങിയ എക്‌സ്‌പോ ദിനങ്ങള്‍ക്ക് പരിസമാപ്തി. സമാപന ചടങ്ങുകള്‍ വീക്ഷിക്കാന്‍ എത്തിയത് ആയിരങ്ങള്‍
ദുബായ് : കഴിഞ്ഞ ആറു മാസമായി നടന്നു വന്ന എക്‌സ്‌പോയ്ക്ക് വര്‍ണാഭമായ ചടങ്ങുകളോടെ തിരശ്ശീല വീണു.
എക്‌സ്‌പോ വേദിയില്‍ നടന്ന സമാപന ചടങ്ങുകള്‍ വീക്ഷിക്കാന്‍ ആയിരങ്ങെളൊഴുകിയെത്തി. പുലരുവോളം നീണ്ട ആഘോഷ രാവിന് വെടിക്കെട്ടോടെയായിരുന്നു സമാപനം.
192 രാജ്യങ്ങള്‍ പങ്കെടുത്ത വിശ്വമേളയ്ക്ക് സംഗീതവും നൃത്തവും എല്ലാം ചേര്‍ന്ന ഉത്സവാന്തരീക്ഷത്തിലാണ് ദുബായ് നഗരം വിടചൊല്ലിയത്.
കോവിഡ് മഹാമാരിയുടെ കാലത്തും ജനങ്ങള്‍ മഹാമേളയ്ക്ക് സാക്ഷ്യം വഹിക്കാനെത്തി. എല്ലാ വെല്ലുവിളികളേയും അതിജീവിച്ചാണ് ദുബായ് നഗരം എക്‌സ്‌പോ നടത്തിയത്.
2020 ല്‍ നടക്കേണ്ടിയിരുന്ന എക്‌സ്‌പോ കോവിഡ് വ്യാപനം മൂലം നീട്ടിവെയ്ക്കുകയായിരുന്നു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയെന്ന് ഉറപ്പു വരുത്തിയശേഷം 2021 സെപ്തംബറിലാണ് എക്‌സ്‌പോയ്ക്ക് തുടക്കമായത്.
സമാപന ചടങ്ങിനെ അലങ്കരിച്ചത് ലേസര്‍ ഷോയും വെടിക്കെട്ടുമായിരുന്നു. സംഗീത നിശയും നൃത്തങ്ങളും എല്ലാം അരങ്ങേറി.
വൈകിട്ടോടെ നഗരം എക്‌സ്‌പോ വേദിയിലേക്ക് ചുരുങ്ങുകയായിരുന്നു. മുഖ്യ വേദിയായ അല്‍ പ്ലാസയുടെ പരിസരം വൈകീട്ടോടെ നിറഞ്ഞു കവിഞ്ഞു. എന്നാല്‍, തിരക്ക് മുന്‍കൂട്ടി കണ്ട് വിവിധ ഇടങ്ങളില്‍ ഭീമന്‍ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ച് പരിപാടികള്‍ തത്സമയം പ്രദര്‍ശിപ്പിച്ചു.
56 രാജ്യങ്ങളില്‍ നിന്നുമുള്ള സംഗീത-നൃത്തപരിപാടികള്‍ അവതരിപ്പിക്കാന്‍ വിവിധ വേദികളിലായി നാന്നൂറോളം കലാകാരന്‍മാര്‍ അണിനിരന്നു.
ഏആര്‍ റഹ്‌മാന്റെ ഇന്തോ അറബ് ഫ്യുഷന്‍ സംഗീതവും പാശ്ചാത്യ സംഗീത പ്രതിഭകളായ നോറ ജോണ്‍സ്, യോയോ മാ, ക്രിസ്റ്റീന ആഗ്വേലറ എന്നിവരുടെ മാസ്മരിക സംഗീത പരിപാടികളും അരങ്ങേറി.
2025 ല്‍ ജപ്പാനിലെ ഒസാകയിലാണ് ഇനി എക്‌സ്‌പോ വേദിയാകുക. എക്‌സ്‌പോ പതാക ജപ്പാന്റെ പ്രതിനിധികള്‍ക്ക് കൈമാറിയതോടെ എക്‌സ്‌പോ 2020 ക്ക് ഔദ്യോഗിക സമാപനമായി