ആറു മാസത്തോളം നീണ്ട ദുബായ് എക്സ്പോയ്ക്ക് സമാപനമാകുന്നു. ഒരു രാത്രി മുഴുവന്‍ നീളുന്ന പരിപാടികള്‍ക്കാണ് ദുബായ് തയ്യാറെടുക്കുന്നത്.
ദുബായ് : എക്സ്പോ 2020 ക്ക് സമാപനമാകുന്ന ദിനത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളെത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. പ്രവേശനം സൗജന്യമായിരിക്കും.
പുതുവര്‍ഷ പുലര്‍ച്ചെ ദുബായ് നഗരം സാക്ഷ്യം വഹിച്ച വെടിക്കെട്ടിന് സമാനമായ കരിമരുന്ന് കലാപ്രകടനത്തിനാണ് എക്സ്പോ വേദി തയ്യാറെടുക്കുന്നത്.
പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കുക. സമാപന ചടങ്ങുകള്‍ എക്സ്പോയുടെ വിവിധ വേദികളില്‍ തത്സമയം ഭീമന് സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ജൂബിലി സ്റ്റേജ്, ഫെസ്റ്റിവല്‍ ഗാര്ഡന് തുടങ്ങിയ ഇടങ്ങളില്‍ ഇതിനായി സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
വൈകീട്ട് ഏഴിന് ആരംഭിച്ച് പുലരുവോളമാണ് സമാപന ചടങ്ങുകള്‍.
വിവിഐപികള്‍ക്കു വേണ്ടി ഒരു ഭാഗം ഒഴിവാക്കിയത് ഒഴിച്ചാല്‍ മറ്റിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു.
ദുബായ് മെട്രോ സര്‍വ്വീസ് രാവു മുഴുവന്‍ സേവനം നടത്തും. എക്സ്പോയുടെ ഉദ്ഘാടന ചടങ്ങ് ദുബായിയിടെ പ്രൗഡി വിളിച്ചോതുന്നതായിരുന്നു സമാപനവും ഇതിനു സമാനമാക്കി മാറ്റാനാണ് സംഘാടകരുടെ ലക്ഷ്യം.
അല്‍ വാസല്‍ പ്ലാസയില്‍ സംഗീത നിശ അരങ്ങേറും. കഴിഞ്ഞ ആറുമാസക്കാലത്തെ പ്രധാനപ്പെട്ട സംഭവങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഗോള്‍ഡന്‍ മെമ്മറീസ് എന്ന പത്തുമിനിട്ട് നീളുന്ന പ്രത്യേക പരിപാടിയും അരങ്ങേറും.
അടുത്ത എക്സ്പോയുടെ വേദിയായ ജപ്പാന് എക്സ്പോ ഫ്ളാഗ് കൈമാറുന്നതോടെയാകും ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകുക. ജപ്പാനിലെ ഒസാകയിലാണ് 2025 ല്‍ അടുത്ത എക്സ്പോ അരങ്ങേറുക. അഞ്ചു വര്‍ഷത്തിലൊരിക്കലാണ് നടത്തുന്നതെങ്കിലും കോവിഡ് മൂലം ദുബായ് എക്സ്പോ രണ്ടുവര്‍ഷം കഴിഞ്ഞാണ് എത്തിയതെങ്കിലും അടുത്ത എക്സ്പോ നേരത്തെ നിശ്ചയിച്ച സമയത്ത് തന്നെ നടത്താനാണ് തീരുമാനം.