യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമ്പത് വനിതാ ഡോക്ടര്‍മാര്‍ തങ്ങളുടെ പോറ്റമ്മയായ രാജ്യത്തിന് ആദരമര്‍പ്പിച്ചു
ദുബായ് : വ്യത്യസ്തത ദുബായിയുടെ മുഖമുദ്രയാണ്. പുതുമയാര്‍ന്നതെന്തിനും വലിയ സ്വീകരണമാണ് ദുബായ് എന്ന സ്വപ്‌ന നഗരമേകുന്നത്. ഇതിന് ഉദാഹരണമാണ് മലയാളികളായ അമ്പത് വനിതാ ഡോക്ടര്‍മാര്‍ അവതരിപ്പിച്ച ഫ്യുഷന്‍ നൃത്തത്തിന് ലഭിച്ച സ്വീകര്യത.
ദുബായ് ഗ്ലോബല്‍ വില്ലേജിലെ വേദിയിലായിരുന്നു മലയാളി വനിതാ ഡോക്ടര്‍മാര്‍ കലാരംഗത്തെ തങ്ങളുടെ മികവ് പ്രകടിപ്പിച്ചത്.
യുഎഇ ദേശീയ ദിനത്തിന്റെ അമ്പതാം വാര്‍ഷികോഷത്തിന്റെ ഭാഗമായാണ് രാജ്യത്തിന് ആദരമേകി നസീജ് എന്ന് പേരിട്ട നൃത്ത പരിപാടി സംഘടിപ്പിച്ചത്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യയ്ക്കും ആദരവ് പ്രകടിപ്പിച്ചാണ് നൃത്തപരിപാടി നടന്നത്.
മെഡികോണ്‍ ഇവന്റാസ് പരിപാടിയുടെ സംഘാടകര്‍. പരിപാടിയില്‍ പങ്കെടുക്കാനായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന അമ്പതോളം ഡോക്ടര്‍മാരാണ് അണിനിരന്നത്.
ഇന്ത്യന്‍ -അറബിക് നാടോടി നൃത്തരൂപങ്ങളാണ് അവതരിപ്പിച്ചത്. രാജസ്ഥാനിലെ ഗുമറും അറബിക് നൃത്തരൂപമായ ഖലീജയും അവതരിപ്പിച്ചു.
വനിതാഡോക്ടര്‍മാര്‍ അവതരിപ്പിച്ച നാടോടി നൃത്തമെന്ന രീതിയില്‍ ലണ്ടന്‍ വേള്‍ഡ് ബുക് ഓഫ് റെക്കോര്‍ഡ്‌സിലും അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ്‌സിലും പുതിയ ചരിത്രം കുറിച്ചു.
യുഎഇയിലെ പ്രമുഖ നര്‍ത്തകിയും അദ്ധ്യാപികയുമായ അനുപമയാണ് വനിതാ ഡോക്ടര്‍മാര്‍ക്ക് നൃത്തപരിശീലനം നല്‍കിയത്.