ലോകമെമ്പാടുമുള്ള പോലീസ് സേനയുടെ പ്രതിനിധികള്‍ ദുബായ് നഗരത്തിലെ എക്‌സ്‌പോ വേദിയില്‍ ഒത്തുചേര്‍ന്നു
ദുബായ് : ആഗോള പ്രദര്‍ശന വേദിയില്‍ വിവിധ രാഷ്ട്രങ്ങളിലെ പോലീസ് സേനയുടെ പ്രതിനിധികള്‍ ഒത്തുചേര്‍ന്നു.
ദുബായ് പോലീസിന്റെ ആതിഥേയത്വത്തിലാണ് ഒത്തുചേരല്‍. ഇന്റര്‍പോള്‍ ഉള്‍പ്പടെയുള്ള രാജ്യാന്തര പോലീസ് സംഘടനകളുടെ സംഗമവേദിയായി എക്‌സ്‌പോ മാറുകയായിരുന്നു.
സൈബര്‍ സെക്യുരിറ്റി വിദഗ്ദ്ധര്‍, ആധുനിക ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിദഗ്ദ്ധര്‍ എന്നിവരെല്ലാം തങ്ങളുടെ അറിവുകള്‍ ഇതര രാജ്യങ്ങളിലെ പോലീസ് സേനയുടെ പ്രതിനിധികളുമായി പങ്കുവെച്ചു.
ദുബായ് പോലീസ് നേതൃത്വം നല്‍കുന്ന ചര്‍ച്ചകളും സംവാദങ്ങളുമാണ് ഉച്ചകോടിയില്‍ നടക്കുക.
കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജനസുരക്ഷ ഉറപ്പാക്കുന്നതിനും മാറിയ കാലഘട്ടത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും പദ്ധതികളും വിവിധ ഏജന്‍സികള്‍ അവതരിപ്പിക്കുമെന്ന് ദുബയ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ് ജന. അബ്ദ്ള്ള ഖലീഫ അല്‍ മര്‍റി പറഞ്ഞു.
ലഫ് ജനറല്‍ ധാഹി ഖല്‍ഫാന്‍ തമീം, കമ്മീഷണര്‍ ലൂയിസ് കാറിലോ, യുഎന്‍ പോലീസ് അഡൈ്വസര്‍ ഡൈ്വറ്റ് ഹെന്നിംഗര്‍, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പോലീസ് ചീഫ്‌സ്, സെക്യുരിറ്റി ഏജന്‍സികളുടെ തലവന്‍മാര്‍, മറ്റു സ്വകാര്യ ഡിറ്റക്ടീവ് , സുരക്ഷാ കമ്പനി എന്നിവരുടെ പ്രതിനിധികള്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
പുതിയ സെക്യുരിറ്റി സിസ്റ്റംസ്, കമ്പ്യുട്ടര്‍ സോഫ്ട് വെയര്‍, നൂതന സാങ്കേതികവിദ്യയും അതിനുള്ള ഉപകരണങ്ങളും ഉള്‍പ്പടെ സുരക്ഷ, പോലീസിംഗ് സംവിധാനങ്ങള്‍ക്ക് ആവശ്യമുള്ള സാമഗ്രികളുടെ പ്രദര്‍ശനവും ഇതിനൊപ്പം നടക്കുന്നുണ്ട്. മാര്‍ച്ച് പതിനേഴിന് ഉച്ചകോടി സമാപിക്കും. പൊതുജനങ്ങള്‍ക്കും പോലീസ് സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രദര്‍ശനം സന്ദര്‍ശിക്കാം. എല്ലാദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പ്രവേശനം.