കോവിഡ് വ്യാപനം ഗള്‍ഫ് രാജ്യങ്ങളില്‍ കുറയുകയും ഏവരും പ്രതിരോധ കുത്തിവെയ്പ്പ് ബൂസ്റ്ററടക്കം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും പിസിആര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം
അബുദാബി : ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎഇ, കുവൈത്ത് എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു.
യുഎഇയിലും കുവൈത്തിലും കോവിഡ് പ്രതിദിന നിരക്ക് കുറയുകയും ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുകയും ചെയ്തിട്ടും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കടുംപിടിത്തം തുടരുന്നതിലാണ് പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നത്.
ഇന്ത്യയില്‍ നിന്ന് രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് പിസിആര്‍ വേണ്ടെന്നും അതേസമയം, യുഎഇ, കുവൈത്ത് എന്നിവടങ്ങളില്‍ നിന്നും മൂന്ന് വാക്‌സിന്‍ എടുത്തിട്ടും പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും പ്രവാസി സംഘടനകള്‍ പറയുന്നു.
ആഗോള തലത്തില്‍ തന്നെ കോവിഡ് നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നാണ് യുഎഇ. രാജ്യത്തെ 99 ശതമാനം പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയതായാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.
അടിയന്തരാവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പോകേണ്ടിവരുന്നവര്‍ക്ക് ഈ നിബന്ധന തുടരുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ഇന്ത്യയും യുഎഇയും തമ്മില്‍ അടുത്തിടെ വ്യാപാര കരാര്‍ ഒപ്പിടുകയും മുമ്പെങ്ങുമില്ലാത്ത വിധം ഇരുരാജ്യങ്ങള്‍ക്കും സൗഹൃദം ശക്തിപ്പെടുകയും ചെയ്തിട്ടും യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുന്നത് വ്യാപാരം, ടൂറിസം എന്നിവയേയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ദുബായ് എക്‌സ്‌പോ സന്ദര്‍ശിച്ച ശേഷം ഇന്ത്യയിലേക്ക് വരാന്‍ ശ്രമിച്ച വിവിധ രാജ്യക്കാര്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ തടസ്സമായി.
കുവൈത്തിലും യുഎഇയിലുമുള്ള പ്രവാസികള്‍ ഈ നിലപാടില്‍ കടുത്ത അമര്‍ഷമുള്ളവരാണ്. സൗദി, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ നിയന്ത്രണങ്ങളില്ല. യുഎഇ, കുവൈത്ത് എന്നിവടങ്ങളില്‍ നിന്നുമുള്ളവര്‍ക്കും സുഗമമായി ഇന്ത്യയിലേക്ക് എത്താനുള്ള സൗകര്യം ഒരുക്കണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നു.