രാജ്യത്ത് കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ എരിഞ്ഞടങ്ങിയത് 43.7 മില്യണ്‍ ദിനാറിന്റെ (ഏകദേശം 1,090 കോടി രൂപ ) പുകയിലയെന്ന് കണക്കുകള്‍ പറയുന്നു.
കുവൈത്ത് സിറ്റി : ഹുക്കയുടേയും സിഗററ്റിന്റേയും ഉപഭോഗം കുവൈത്തില്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. പൊതുയിടങ്ങളില്‍ പുകവലിക്ക് നിയന്ത്രണമുള്ള രാജ്യത്ത് ഇതിനായി പ്രത്യേകം നിര്‍ദ്ദേശിച്ച സ്ഥലങ്ങളിലാണ് പുകവലിക്കാര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം ഉള്ളത്.
ഹുക്കയും സിഗററ്റുമാണ് പ്രധാനമായും പുകവലിക്കായി ഉപയോഗിക്കുന്നത്.
2021 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് 43.7 മില്യണ്‍ ദിനാര്‍ ( ഏകദേശം 1,090 കോടി രൂപ) വില വരുന്ന പുകയില ഉത്പന്നങ്ങളാണ് പ്രവാസികളും സ്വദേശികളുമായവര്‍ ഉപയോഗിച്ചതെന്ന് കണക്കുകള്‍ പറയുന്നു.
ആരോഗ്യത്തിന് ഹാനികരമെന്ന് പായ്ക്കറ്റുകളിലും ശീഷ സെന്ററുകളിലും എഴുതി പ്രദര്‍ശിപ്പിച്ചിട്ടും അവബോധ ക്യാംപെയ്‌നുകളും മറ്റും നടത്തിയിട്ടും രാജ്യത്തെ പുകലിയ ഉപഭോഗത്തിന് കുറവില്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
സ്‌കൂളുകളിലും മറ്റും ചെന്ന് പുകയില ഉപഭോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കാനാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതി.
2012 ലാണ് കുവൈത്ത് എല്ലാ വിധ പുകവലികള്‍ക്കും പൊതുഇടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
കഫേകളിലും റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും എല്ലാം ഇതിനായി പ്രത്യേക മേഖല തിരിച്ച് വെയ്ക്കണമെന്നും പുകവലി നിരോധിച്ചതായി എഴുതി വെയ്ക്കണമെന്നും നിയമം അനുശാസിക്കുന്നു.
2010 ലെ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കുവൈത്തിലെ 42 ശതമാനം പുരുഷന്‍മാരും 4.4 ശതമാനം സ്ത്രീകളും പുകവലിക്കാരാണ്.പുകവലി നിരോധനത്തിനും നിയന്ത്രണത്തിനുമായി 2012 ന് മുമ്പ് വരെ കുവൈത്ത് സര്‍ക്കാര്‍ പ്രതിവര്‍ഷം 240,000 ദിനാറാണ് ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.