ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതിനെ തുടര്‍ന്ന് യുഎഇയിലും ഇത് പ്രതിഫലിച്ചു.
ദുബായ് : യുക്രെയിനെതിരെ റഷ്യ പ്രഖ്യാപിച്ച യുദ്ധത്തിന്റെ പ്രതിഫലനം യുഎഇയിലെ സ്വര്‍ണവിലയിലും പ്രകടമായി.
24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചര ദിര്‍ഹം വര്‍ദ്ധിച്ച് 235.75 ദിര്‍ഹത്തിലെത്തി. യുക്രെയിനെതിരെ റഷ്യയുടെ ആക്രമണ പരമ്പരയുടെ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് സ്വര്‍ണ വിപണിയില്‍ വില വര്‍ദ്ധനയുണ്ടായത്. വ്യാഴാഴ്ച രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ ഗ്രാമിന് 230.25 ദിര്‍ഹമായിരുന്നത് ഉച്ചയ്ക്ക് രണ്ട് മണിയോടെ അഞ്ച് ദിര്‍ഹം ഉയര്‍ന്ന് 235.75 (4757 രൂപ) ആയി.
ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വലറി ഗ്രൂപ്പിന്റെ ഡാറ്റ അനുസരിച്ച് 22കാരറ്റ് സ്വര്‍ണത്തിന്റെ വില 221.5 ദിര്‍ഹവും 21 ക്യാരറ്റിന് 211.5 ഉം 18 കാരറ്റിന് 81.25 ഉം ആണ് വില.
ആഗോള തലത്തില്‍ സ്വര്‍ണ വില ഔണ്‍സിന് 1950 യുഎസ് ഡോളറില്‍ നിന്ന് 1974.34 യുഎസ് ഡോളറിലേക്ക് കുതിച്ചുയര്‍ന്നു.
2020 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഓഹരി വിപണിയില്‍ വലിയ തോതില്‍ വില്‍പന സമ്മര്‍ദ്ദം അനുഭവപ്പെടുകയും നിക്ഷേപം സ്വര്‍ണം പോലുള്ള സുരക്ഷിത മാര്‍ഗങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്തതാണ് സ്വര്‍ണ വിപണിയില്‍ ഡിമാന്‍ഡ് ഉയര്‍ത്തിയത്
വരും ദിവസങ്ങളില്‍ സ്വര്‍ണ വില ഔണ്‍സിന് രണ്ടായിരം ഡോളറിലും മുകളില്‍ എത്തുമെന്നാണ് വിപണി വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.സ്‌പോട്ട് ഗോള്‍ഡിന് മൂന്നര ശതമാനത്തോളമാണ് വില ഉയര്‍ന്നത്.












