അഭിനയത്തില്‍ ദേശീയ പുരസ്കാരമടക്കമുള്ള ബഹുമതികള്‍ നേടിയ കെ പിഎസി ലളിതയില്‍ ഒരു സംവിധായിക ഒളിഞ്ഞിരുന്നതായും സാക്ഷ്യം.
പ്രമുഖരോടൊപ്പം തിരക്കഥാ, സംവിധാന സഹായിയായി ഏറെക്കാലം പ്രവര്‍ത്തിച്ച പ്രീജ് പ്രഭാകറാണ് ലളിതചേച്ചിയുടെ അറിയപ്പെടാത്ത ചില പ്രതിഭാ വിലാസങ്ങള്‍ പങ്കുവെച്ചത്.
സംവിധായകന് ഭരതന്റെ ഭാര്യയായ ശേഷം അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ലളിത ചേച്ചിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. പ്രധാനപ്പെട്ട വേഷങ്ങളും അതിലെല്ലാം ചെയ്തു. ഭരതനെ നിഴല്‍പോലെ പിന്തുടര്‍ന്ന ലളിത ചേച്ചിയില്‍ സംവിധായികയുടെ കഴിവും വളരുകയായിരുന്നു.
അറിഞ്ഞു കേട്ടതും പഠിച്ചതും എല്ലാം ഇതര സംവിധായകരുടെ സെറ്റില്‍ എത്തുമ്പോള്‍ പലപ്പോഴും ഇത് പുറത്തെടുക്കും. അവര്‍ ഉള്‍പ്പെടുന്ന ഒരോ ഷോട്ടിലും സൂക്ഷ്മതയോടെ നിരീക്ഷണം നടത്തുകയും പതിവാണ്.
പി ബാലചന്ദ്രന് കഥയും തിരക്കഥയുമെഴുതി രാജീവ് കുമാര്‍ സംവിധാനം ചെയ്ത പവിത്രം എന്ന സിനിമയുടെ ചിത്രീകരണം പിറവത്ത് നടക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം തന്നെ ഉദാഹരണം -പ്രീജ് പറയുന്നു.
കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നാമെങ്കിലും സംവിധാന സഹായികള്‍ക്ക് വലിയ ഉത്തരവാദിത്തമുള്ള ചില കാര്യങ്ങളാണ് ക്യാമറയുടെ പരിധിയില്‍ വരുന്ന വസ്തുക്കളുടെയും നടീനടന്മാരുടെയും പൊസിഷനുകള്‍, സീനിന്റെ കണ്ടിന്യൂവിറ്റിയെ ബാധിക്കുമെന്നതിനാല്‍ സംവിധാന സഹായികള്‍ക്ക് ഇതിന്റെ ചുമതലയുണ്ടാകും.
മോഹന്‍ലാലിന്റെ ചേട്ടച്ഛന് എന്ന കഥാപാത്രം സഹോദരി വിന്ദുജയെ പുഴക്കടവില്‍ കുളിപ്പിക്കാന്‍ തയ്യാറെടുക്കുന്ന സീനായിരുന്നു. വലിയ കുട്ടിയായ വിന്ദുജയെ താന്‍ കുളിപ്പിച്ചോളാം ചേട്ടച്ഛന് പൊയ്ക്കോ എന്ന സംഭാഷണം അടങ്ങുന്ന സീനിന്റെ ചിത്രീകരണമായിരുന്നു.
പുഴക്കടവില്‍ താളിയും സോപ്പും തോര്‍ത്തും മറ്റും തയ്യാറാക്കി വെച്ചിരുന്നു. ചിത്രീകരണ സമയത്ത് ക്യാമറ ആംഗിള്‍ പലവട്ടം മാറി. ഇതിന്നിടെ. സംവിധാന സഹായികള്‍ സോപ്പ്, താളി അരച്ചത്, തോര്‍ത്ത് തുടങ്ങി പല സാമഗ്രികളുടേയും പൊസിഷന്‍ ക്യത്യമായി മാര്‍ക്ക് ചെയ്യാന്‍ വിട്ടു പോയി.
സംവിധായകന് രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ അടുത്ത ആംഗിളില്‍ ചിത്രീകരണം തുടര്‍ന്നപ്പോള്‍, സോപ്പ് ഇരുന്നതും താളി വെച്ചതും തോര്‍ത്തും എല്ലാം ഇങ്ങിനെയായിരുന്നില്ലെന്നും ഒരോന്നും നേരത്തെ ഇരുന്ന പൊസിഷന്‍ എങ്ങിനെയായിരുന്നുവെന്ന് കൃത്യമായി ലളിത ചേച്ചി പറയുകയും ഇതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തപ്പോള്‍ ലൊക്കേഷനിലെ പലരും അതിശയിച്ചു പോയി.
ഇത്രയും കൃത്യമായ നിരീക്ഷണ പാടവം തങ്ങള്‍ക്കില്ലാതെ പോയതിലായിരുന്നു സംവിധാന സഹായികളുടെ സങ്കടം. ചിത്രീകരണ സമയത്ത് ഇതിന് സാക്ഷ്യം വഹിക്കാനായത് പില്ക്കാലത്ത് സിനിമാ ചിത്രീകരണ സമയത്ത് ഇതൊരു അനുഭവ പാഠമായി ഓര്ത്തുവെയ്ക്കാനായെന്നും പ്രീജ് പറയുന്നു.
നടി എന്നതിനൊപ്പം സംവിധായകന്റെ ഭാര്യ എന്നതും ലളിത ചേച്ചിയെ ഇത്തരം കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവാക്കിയതാകാമെന്നാണ് പ്രീജിന്റെ അഭിപ്രായം.
ഒരു നടി എന്ന നിലയില്‍ തന്നില്‍ അര്‍പ്പിച്ച കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെങ്കിലും സംവിധാന സഹായിയും മറ്റും ചെയ്യേണ്ട ചുമതല കൂടി ഏറ്റെടുക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നത് മഹത്വത്തിന്റെയും പ്രതിഭയുടെയും ലക്ഷണം തന്നെയാണ്. പ്രീജ് പറയുന്നു.
പി ബാലചന്ദ്രന്റെ മറ്റൊരു ചിത്രമായ തച്ചോളി വര്‍ഗീസ് ചേകവര്‍ ചിത്രീകരണ സമയത്ത് കെപിഎസി ലളിതയും തിലകനും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളുടെ വിജയവും പ്രീജ് ഓര്‍ത്തെടുക്കുന്നു. അക്കാലത്ത് സൗന്ദര്യപ്പിണക്കത്തിലായിരുന്നു തിലകനും ലളിതയും പക്ഷേ, കോമ്പിനേഷന്‍ സീനുകളില്‍ പ്രഫഷണലിസത്തിന്റെ മിന്നലാട്ടമാണ് ഏവര്‍ക്കും കാണാനാകുക. പരസ്പരമുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പറയുകയും സീന്‍ മഹത്തരമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതും പിന്നീട് ലൊക്കേഷനില്‍ ഇവര്‍ പരസ്പരം മിണ്ടാതെയും മുഖത്ത് നോക്കാതെയും ഇരിക്കുന്നത് സെറ്റിലെ പതിവു കാഴ്ചയാണ്.
കോമ്പിനേഷന്‍ സീനുകളിലെല്ലാം കഥാപാത്രങ്ങളുടെ ബന്ധം അനുസരിച്ച് ഇമോഷനലായി അഭിനയിക്കുന്നതിന് സമാനതകളില്ലാത്ത മികവാണ് ലളിത ചേച്ചിക്കെന്നും പ്രീജ് തന്റെ അനുഭവത്തില്‍ നിന്ന് പറയുന്നു. കന്മദത്തില് മഞ്ജുവാര്യരുമൊത്തുള്ള രംഗങ്ങളില്‍ ഇത് പ്രകടമായിരുന്നു. 
സെറ്റിലുള്ളവരെയും സഹപ്രവര്‍ത്തകരേയും വിസ്മയിപ്പിക്കുന്ന അഭിനയപ്രകടനങ്ങളുടെ മറക്കാത്ത ഒട്ടനവധി മൂഹൂര്‍ത്തങ്ങളാണ് വെള്ളിത്തിരയിലെന്ന പോലെ തന്നെ ലളിത ചേച്ചി സമ്മാനിച്ചിട്ടുള്ളതെന്നും പ്രീജ് പറയുന്നു.
‘ഫോർട്ട് കൊച്ചിയിലെ ഞങ്ങ, മട്ടാഞ്ചേരിയിലെ നിങ്ങ ‘ എന്ന ചിത്രത്തിലാണ് പ്രീജ് സ്വതന്ത്ര സംവിധായകന്റെ മേലങ്കി ആദ്യമായി അണിഞ്ഞത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യുളിനിടെ കോവിഡ് എത്തിയത് പ്രതിസന്ധിയിലാക്കിയ ശേഷം ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും തുടരുമെന്നാണ് വൈക്കം തലയോലപ്പറമ്പ് സ്വദേശിയായ പ്രീജ് പ്രഭാകറിന്റെ പ്രതീക്ഷ.

















