രാജ്യത്തെ ഭക്ഷധാന്യ ശേഖരം ഏറ്റവും മോശമായ സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു
കുവൈത്ത് സിറ്റി : റഷ്യയും യുക്രയിനും തമ്മിലുള്ള യുദ്ധ സംഘര്‍ഷ സാഹചര്യത്തില്‍ രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകില്ലെന്ന് കുവൈത്ത് സര്‍ക്കാര്‍.
കുവൈത്തിന്റെ പക്കലുള്ള ഭക്ഷ്യവസ്തു ശേഖരം ഏതൊരു മോശം സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ടും മറ്റും ഇതാണ് സൂചിപ്പിക്കുന്നത്.
അതേസമയം, സാമഗ്രികളുടെ കമ്പോള വില ഉയര്‍ന്നേക്കാമെന്നും ഇത് നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണ്ടാകുമെന്നും, താല്‍ക്കാലിക വിലക്കയറ്റത്തെ നേരിടാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുമെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാണിജ്യ. വ്യവസായ മന്ത്രാലയങ്ങളും കുവൈത്ത് തുറുമുഖ ഏജന്‍സിയും കസ്റ്റംസ് വകുപ്പും , സൂപ്പര്‍മാര്‍ക്കറ്റ് ശ്രേണികളുള്ള സഹകരണ സ്ഥാപനങ്ങളും സംയുക്ത യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുന്നിയിരുന്നു.
ഒരു വര്‍ഷത്തേക്കുള്ള ഭക്ഷ്യധാന്യശേഖരവും മാംസവും മറ്റും ശേഖരത്തിലുണ്ട്.യുദ്ധമുണ്ടായാല്‍ ഒരു വസ്തുവിനും ദൗര്‍ലഭ്യമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
യുക്രെയിനില്‍ നിന്ന് കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന സാമഗ്രികള്‍ തുലോം കുറവാണ്. ഇതു തന്നെ ബദല്‍ വിപണികളില്‍ നിന്ന് ലഭ്യമാകുന്നതുമാണെന്ന് അധികൃതര്‍ പറഞ്ഞു.
യുക്രയിനില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഏറ്റവും കൂടുതലുള്ളത് മാംസവും ഭക്ഷ്യഎണ്ണയുമാണ്. 13 മില്യണ്‍ യുഎസ് ഡോളറിന്റെ ഇറക്കുമതിയാണ് ഇത്. 11 മില്യണ്‍ ഡോളറിന്റെ ധാന്യങ്ങളും ഇറക്കുമതിയില്‍ ഉണ്ട്.